ഭോപ്പാല്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച വിധവയുടെ മുമ്പില്‍ യുവാവ് സ്വയം വെടിയുതിര്‍ത്തു മരിച്ചു. മധ്യപ്രദേശിലെ ചാത്തര്‍പുരില്‍ ശനിയാഴ്ചയാണ് സംഭവം. ഉജ്ജൈന്‍ സ്വദേശി ജിതേന്ദ്ര വര്‍മ്മയാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്‍റെ മരണ ശേഷം ഭര്‍തൃവീട്ടില്‍ താമസിക്കുകയായിരുന്നു യുവതി.

ജിതേന്ദ്ര വര്‍മ്മ യുവതിയോട് നിരന്തരം വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. വിവാഹത്തിന് സമ്മതമല്ലെന്ന് യുവതി പലതവണ ഇയാളോട് പറഞ്ഞിരുന്നു. സംഭവദിവസം യുവതിയുടെ വീട്ടില്‍ അതിക്രമിച്ച കയറിയ  ജിതേന്ദ്ര വര്‍മ്മ വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ യുവതി ഇത് നിരസിച്ചതോടെ ഇയാള്‍ കൈവശമുണ്ടായിരുന്ന തോക്കെടുത്ത്  സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും വീടിനുള്ളില്‍ മരിച്ച നിലയില്‍ ജിതേന്ദ്രയെ കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.