ബൈക്കിൽ അമ്മയോടൊപ്പം എത്തിയാണ് കൃത്യം നടത്തിയത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
കൊല്ലം: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് അമ്മയെ മകൻ പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊന്നു. തലവൂർ സ്വദേശി 47 മിനിമോളാണ് മരിച്ചത്. മകൻ ജോമോനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മാനസിക വെല്ലുവിളിയുള്ള മിനിമോളെ കലയപുരത്തെ ആശ്രയ കേന്ദ്രത്തിൽ നിന്ന് ബൈക്കിൽ വിളിച്ചിറക്കി കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം. അമ്മയ്ക്ക് നിത്യ ശാന്തി നൽകാൻ കൃത്യം നടത്തിയതെന്നാണ് വെൽഡിംഗ് തൊഴിലാളി കൂടിയായ ജോമോന്റെ മൊഴി. കത്തി ഉപയോഗിച്ച് നിരവധി തവണ അമ്മയെ കുത്തിയ ജോമോൻ ലോറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ചേർന്ന് കീഴ്പ്പെടുത്തി പൊലീസിനെ ഏൽപിക്കുകയായിരുന്നു. ജോമോനും മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
അതേ സമയം, പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ ഇതുവരെ പിടികൂടാനായില്ല. പ്രതിയായ യൂനുസ് കോയക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ഭാര്യ സുലൈഖയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ തിരൂർ പടിഞ്ഞാറെ കരയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. മലപ്പുറത്ത് നിന്ന് ഡോഗ് സക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. മദ്യപാനത്തിനും മലഹരി അടിമയായ യൂനസ് കോയ സ്ഥിരമായി ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ (36)കൊല്ലപ്പെട്ടത്. കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭർത്താവ് യൂനുസ് കോയ നെഞ്ചിൽ കുത്തുകയും തേങ്ങപൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. സംഭവം കണ്ട കുട്ടികൾ നിലവിളിച്ചതോടെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. ഉടൻ ഓടിക്കൂടിയ നാട്ടുകാർ പൊന്നാനി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
