റായ്പുര്‍: ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് ഭാര്യയെ വിളിച്ചപ്പോള്‍ മറ്റൊരു കോളിലാണെന്ന് മറുപടി. ഭാര്യയെ വിളിച്ച് ഫോണില്‍ കിട്ടാതായതോടെ രഹസ്യബന്ധം സംശയിച്ച് ഭര്‍ത്താവ് യുവതിയുടെ കൈ വെട്ടിമാറ്റി. ഛത്തീസ്ഗഢിലെ ജാഷ്പുര്‍ ജില്ലയിലാണ് സംഭവം. ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന ലളിത് കോര്‍വ(25)യാണ് അവിടെനിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി ഭാര്യയെ ആക്രമിച്ചത്. 

സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്തിരുന്ന യുവാവ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. നാട്ടിലെത്തിയ ലളിത് കോര്‍വയെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ലളിത് കോര്‍വ പലതവണ ഭാര്യയെ ഫോണില്‍  വിളിച്ചെങ്കിലും സംസാരിക്കാനായില്ല. മിക്ക സമയത്തും ഭാര്യ മറ്റൊരു ഫോണ്‍ കോളിലാണെന്നായിരുന്നു പ്രതികരണം. ഇതോടെ ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് യുവാവ് സംശയിച്ചു. 

ഇതിനു പിന്നാലെയാണ്  ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്ന് ഇയാള്‍ രഹസ്യമായി പുറത്തുകടന്നത്. വീട്ടിലെത്തിയ കോര്‍വ ഫോണില്‍ സംസാരിച്ചിരിക്കുന്ന ഭാര്യയെയാണ് കണ്ടത്. ക്ഷുഭിതനായ ഇയാള്‍ ഉടന്‍ തന്നെ ഭാര്യയെ ആക്രമിക്കുകയും കോടാലി കൊണ്ട് ഫോണ്‍  പിടിച്ചിരുന്ന കൈ വെട്ടിമാറ്റുകയുമായിരുന്നു. രണ്ട് വയസ്സുള്ള മകന്റെ മുന്നില്‍വെച്ചായിരുന്നു ആക്രമണം.

സംഭവത്തിന് ശേഷം കോര്‍വ വീട്ടില്‍നിന്നു രക്ഷപ്പെട്ടു. ചോരയില്‍ കുളിച്ചുകിടന്ന യുവതിയെ നാട്ടുകാരും പോലീസുമാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടനില തരണം  ചെയ്‌തെങ്കിലും അറ്റുപോയ കൈ കൂട്ടിചേര്‍ക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവ ശേഷം മുങ്ങിയ ഇയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.