സംഭവത്തില്‍ 39കാരനായ പ്രിതം സിങ് സിസോദിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സംഗീതക്കാണ് ഗുരുതര പരിക്കേറ്റത്. 

ഭോപ്പാല്‍: സംശയ രോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ വലതു കൈയും കാല്‍പ്പത്തിയും വെട്ടിമാറ്റി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ടാണ് ഇയാള്‍ ഭാര്യയോട് ക്രൂരകൃത്യം ചെയ്തത്. തലവെട്ടിമാറ്റാനുള്ള ശ്രമം പൊലീസെത്തി തടഞ്ഞു. സംഭവത്തില്‍ 39കാരനായ പ്രിതം സിങ് സിസോദിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സംഗീതക്കാണ് ഗുരുതര പരിക്കേറ്റത്. സംഗീതയുടെ നിലവിളി കേട്ടാണ് അയല്‍ക്കാര്‍ ഓടിയെത്തിയത്.

രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ട അയല്‍ക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മകനോടൊപ്പം ഉറങ്ങുകയായിരുന്ന സംഗീതയെ ഭര്‍ത്താവ് കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നും മുറിച്ചുമാറ്റിയ കൈപ്പത്തിയും കാല്‍പ്പത്തിയും തുന്നിച്ചേര്‍ക്കുക അസാധ്യമാണെന്നും പൊലീസ് അറിയിച്ചു.

ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നെന്നും ഇതിന്റെ പേരില്‍ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് ഏഴ് വയസ്സുള്ള മകനുണ്ട്. സംഗീത ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.