നിരവധി സാരികൾ കാണിച്ച ശേഷവും ഇഷ്ടമാകാതിരുന്ന ദമ്പതികളോട് എത്ര രൂപയുടെ സാരി വരെ വാങ്ങുമെന്ന ചോദ്യത്തിന് പിന്നാലെ അങ്കിൾ എന്ന് വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം

ഭോപ്പാൽ: സാരി വാങ്ങാനെത്തിയ ഭാര്യയുടെ മുന്നിൽ വച്ച് അങ്കിളെന്ന് കടക്കാരന്റെ അഭിസംബോധന. കടക്കാരനെ തല്ലിച്ചതച്ച് ഭർത്താവ്. മധ്യ പ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഭോപ്പാലിലെ ജാത്കേദിയിൽ ടെക്സ്റ്റെയിൽസ് നടത്തുന്ന വിഷാൽ ശാസ്ത്രിയാണ് കടയിലെത്തിയ ഒരാൾക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. 

രോഹിത് എന്ന യുവാവും സുഹൃത്തുക്കളും ചേർന്നാണ് വിശാൽ ശാസ്ത്രിയെ മർദ്ദിച്ചതെന്നാണ് പരാതി. ഭാര്യയ്ക്കൊപ്പം വസ്ത്രം വാങ്ങാനെത്തിയതായിരുന്നു രോഹിത്. ഏറെ നേരെ കടയിലെ സാരികൾ മുഴുവൻ നോക്കിയിട്ടും ഒന്ന് പോലും ദമ്പതികൾക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതോടെ എത്ര വില വരെ വരുന്ന സാരി വാങ്ങുമെന്ന് വിശാൽ യുവാവിനോട് ചോദിച്ചു. ആയിരം രൂപയുട സാരിയെന്നായിരുന്നു യുവാവ് ഇതിന് മറുപടി നൽകിയത്. അതിൽ കൂടുതൽ വില നൽകേണ്ടി വന്നാലും ഇഷ്ടപ്പെട്ടത് കിട്ടിയാൽ വാങ്ങുമെന്നും യുവാവ് കടയുടമയോട് വിശദമാക്കി. പണമില്ലെന്ന ധാരണ കടയുടമയ്ക്കുണ്ടെന്ന തോന്നൽ അസ്ഥാനത്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു യുവാവിന്റെ പ്രതികരണം.

യുവാവിന്റെ മറുപടിക്ക് പിന്നാലെ അങ്കിൾ ഒരു നിമിഷം നിൽക്കൂ, നിർദ്ദേശിച്ച റേഞ്ചിലെ സാരികൾ കൂടി കാണിക്കാമെന്ന് കടയുടമ പറഞ്ഞു. ഇതോടെ യുവാവ് ക്ഷുഭിതനാവുകയായിരുന്നു. അങ്കിൾ എന്ന് വിളിക്കരുതെന്ന് വ്യക്തമാക്കിയതിന് പിന്നാലെ കടയുടമയും യുവാവും തമ്മിൽ തർക്കമായി. പിന്നാലെ കടയിൽ നിന്ന് ഭാര്യയേയും കൂട്ടി മടങ്ങിയ യുവാവ് സുഹൃത്തുക്കളുമായി മടങ്ങി വരുകയായിരുന്നു.

Scroll to load tweet…

കടയിലെത്തിയ ശേഷം യുവാവ് കടയുടമയെ വലിച്ച് പുറത്തിട്ട് മർദ്ദിക്കുകയായിരുന്നു. വടികളും ബെൽറ്റും മറ്റും ഉപയോഗിച്ചായിരുന്നു മർദ്ദനം. കടയിലെ ജീവനക്കാർ അമ്പരപ്പ് മാറി എത്തിയതോടെ അക്രമി സംഘം സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ കടയുടമ പൊലീസിൽ പരാതിപ്പെട്ട ശേഷം ചികിത്സ തേടുകയായിരുന്നു. നിലവിൽ ഇയാൾ ചികിത്സയിൽ തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം