ഗുരുഗ്രാം: അവിഹിതബന്ധം ആരോപിച്ച് ഭര്‍ത്താവും ഭര്‍ത്തൃമാതാവും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഇരുവരും ചേര്‍ന്ന് യുവതിയെ വീടിന്‍റെ രണ്ടാംനിലയിലെ ജനാലയിലൂടെ താഴേക്ക് തള്ളിയിടുകയായിരുന്നു. 

ഗുരുഗ്രാമിലെ ന്യൂ കോളനി ഏഴാം സെക്ടറില്‍ താമസക്കാരായ പ്രേം ഗാന്ധി അമ്മ ശകുന്തള എന്നിവര്‍ക്കെതിരെയാണ് പരാതി. ആക്രമണത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പ്രേം ഗാന്ധിയുടെ ഭാര്യ സീമ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സീമുടെ രണ്ടാം വിവാഹമാണിത്. പ്രേം ഗാന്ധിയുടെ മുതിര്‍ന്ന സഹോദരനായിരുന്നു സീമയുടെ ആദ്യ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം മരിച്ചു. തുടര്‍ന്നാണ് സീമ പ്രേം ഗാന്ധിയെ വിവാഹം ചെയ്തത്. 

പ്രേം ഗാന്ധിയും സീമയും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. സീമയ്ക് മറ്റാരുമായോ അടുപ്പം ഉണ്ടെന്ന് പറഞ്ഞായിരുന്നു വഴക്ക്. പ്രേം ഗാന്ധിയുടെ അക്രമം സഹിക്കാനാവാതെ മിക്കപ്പോഴും സീമ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. സംഭവം നടക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഭര്‍ത്തൃവീട്ടിലേക്ക് തിരികെയെത്തിയത്. 

അലര്‍ച്ച കേട്ട് ഓടിയെത്തിയ താന്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന അമ്മയെയാണെന്നും മുകളിലെ ജനാലയിലൂടെ അച്ഛനും അച്ഛമ്മയും നോക്കിനില്‍പ്പുണ്ടായിരുന്നെന്നും സീമയുടെ മകന്‍ പൊലീസില്‍ മൊഴി നല്‍കി. സീമയെ ആശുപത്രിയിലെത്തിക്കാന്‍ ഇരുവരും സഹായിച്ചില്ലെന്നും മകന്‍ പൊലീസിനോട് പറഞ്ഞു. പ്രേം ഗാന്ധിയെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.