ദില്ലി: ടി വി അവതാരകന്‍ കരണ്‍ ഒബ്റോയി ബലാത്സംഗം ചെയ്തെന്ന് പരാതി നല്‍കിയ  സ്ത്രീക്ക് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 6.30 ന് മുംബൈയിലെ ലോകണ്ഡവാല റോഡില്‍വച്ച് ബൈക്കിലെത്തിയ രണ്ട് അജ്ഞാതരാണ് യുവതിയെ ആക്രമിച്ചത്. കരണിനെതിരെയുള്ള യുവതിയുടെ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കത്ത് യുവതിയുടെ നേരെ എറിഞ്ഞാണ് അക്രമികള്‍ മടങ്ങിയത്. ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയിട്ടുണ്ട്. 

പുലര്‍ച്ചെ നടക്കാനിറങ്ങിയതായിരുന്നു യുവതി. കൂര്‍ത്ത വസ്തുവെച്ചുള്ള ആക്രമണത്തില്‍ യുവതിക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു.വിവാഹ വാഗ്ദാനം നല്‍കി കരണ്‍ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ മേയ് ആറിനാണ് കരണ്‍ അറസ്റ്റിലാവുന്നത്. പതിനാല് ദിവസത്തേക്ക് കരണിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പിന്നാലെ ജാമ്യമത്തിന് ശ്രമിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 2016 ല്‍ ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് കരണും സ്ത്രീയും പരിചയപ്പെടുന്നത്. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം തന്നെ കരണ്‍ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.