ആദിവാസി മേഖലയിൽ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ കുറിച്ചും രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടിയെ കൂട്ടി കൊണ്ട് പോയി വീഡിയോ ചിത്രീകരിച്ച യൂട്യൂബ് ചാനൽ പ്രവർത്തകരെ കുറിച്ചും ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
മലപ്പുറം: 'തനിക്ക് ഒന്നുകിൽ പൊലീസ് ആവണം, അല്ലെങ്കിൽ മാവോയിസ്റ്റ് ആവണം' എന്ന പറയുന്ന ആദിവാസി ബാലന്‍റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തയാളെ അറസ്റ്റ് ചെയ്തു. നിലമ്പൂർ മേഖലയിലെ ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'മിത്ര ജ്യോതി ട്രൈബൽ ഡെവലപ്മെന്റ്' ഫൗണ്ടേഷൻ എന്ന എൻ ജി ഒ സംഘടന ചെയർമാൻ മഞ്ചേരി മേലാക്കം കോലോത്തും തൊടിക അജ്മൽ (28) നെയാണ് നിലമ്പൂർ ഡി വൈ എസ് പി സാജു കെ അബ്രഹാം അറസ്റ്റ് ചെയ്തത്. സംഘടനയുടെ പേരിലുള്ള ഓമ്‍നി വാൻ പൊലീസ് പിടിച്ചെടുത്തു. ആദിവാസി കുട്ടിയെ കൊണ്ട് മാവോയിസ്റ്റ് അനുകൂല വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു. യൂട്യൂബിൽ അപ്ലോഡ് ചെയ്ത ' നാട് അറിയാത്ത, കാട് അറിയുന്ന ജീവിതങ്ങൾ ' എന്ന ഡോക്യുമെന്‍ററിയിൽ 'തനിക്ക് ഒന്നുകിൽ പൊലീസ് ആവണം, അല്ലെങ്കിൽ മാവോയിസ്റ്റ് ആവണം'എന്ന തരത്തിൽ നിലമ്പൂരിലെ ആദിവാസി കോളനിയിലുള്ള ബാലനെ കൊണ്ട് അജ്മല്‍ മനപ്പൂർവ്വം പറയിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്.
മിത്രജ്യോതി ട്രൈബൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ പേരിൽ ആദിവാസി മേഖലയെ മറയാക്കി പണം തട്ടുകയാണ് ഇയാളുടെ ഉദ്ദേശമെന്നാണ് പൊലീസ് നിഗമനം. ആദിവാസി മേഖലയിൽ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ കുറിച്ചും രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടിയെ കൂട്ടി കൊണ്ട് പോയി വീഡിയോ ചിത്രീകരിച്ച യൂട്യൂബ് ചാനൽ പ്രവർത്തകരെ കുറിച്ചും ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ട്. പിടിയിലായ അജ്മലിന്‍റെ പേരിൽ എടക്കര, അരീക്കോട്, കുറ്റിപ്പുറം, മഞ്ചേരി എന്നീ പൊലീസ് സ്റ്റേഷനിൽ ആൾമാറാട്ടം ഉൾപ്പെടെയുള്ള കേസുകളുണ്ട്. ആദിവാസികളെ ഭീഷണിപ്പെടുത്തിയതിന് അഗളി പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ഈ കേസ്സിൽ ജയിലിൽ കഴിഞ്ഞ് വരികയായിരുന്നു.
യൂട്യുബിലും ഫേസ്ബുക്കിലും ആദിവാസികളെയും ആദിവാസി കുട്ടികളെയും അവരുടെ ജീവിതത്തെയും കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ ഉൾപ്പെടുത്തി ഇയാള്‍ വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. 2015 -ൽ അജ്മൽ സെക്രട്ടറിയായി രജിസ്റ്റർ ചെയ്യപ്പെട്ട മിത്ര ജ്യോതി സംഘടന തുടങ്ങിയ സമയത്ത് വിദ്യാർത്ഥികളെയും മറ്റും സംഘടിപ്പിച്ച് കലാസാംസ്‌കാരിക പ്രവർത്തനങ്ങളും ജനകീയ പരിപാടികളും നടത്തിയിരുന്നു. അജ്മൽ, പൊലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി പണം തട്ടിയ കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ മറ്റ് കമ്മറ്റി അംഗങ്ങള്‍ സംഘടനയില്‍ നിന്നും ഒഴിഞ്ഞ് പോവുകയായിരുന്നു. പിന്നീട് 2018 -ലെ പ്രളയത്തിന് ശേഷം നിലമ്പൂരിലെ വിവിധ ആദിവാസി ഊരുകളിൽ അജ്മലിന്‍റെ നേതൃത്വത്തിൽ സ്പോൺസർമാരുടെ സഹകരണത്തോടെ സന്നദ്ധപ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും നടത്തുകയും ആദിവാസികൾക്കിടയിൽ ഇയാള്‍ സ്വാധീനം ഉണ്ടാക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതി ഇപ്പോൾ പാലക്കാട് ജയിലിലാണ്.
കൂടുതല്‍ വായനയ്ക്ക് : 'എപിസ് കരിഞ്ഞൊടിയൻ': 224 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് പുതിയ ഇനം തേനീച്ചയെ കണ്ടെത്തി
