കാലടി: എറണാകുളം കാലടിയിൽ ലഹരി വസ്തുക്കൾ വിൽപന നടത്തിയ ആളെ പൊലീസ് പിടികൂടി. ചെങ്ങൽ സ്വദേശി മാർട്ടിനെയാണ് കഞ്ചാവുൾപ്പടെയുള്ള ലഹരി വസ്തുക്കളുമായി അറസ്റ്റ് ചെയ്തത്. കാലടി ബസ് സ്റ്റാന്‍റിന് സമീപമുള്ള പെട്ടിക്കട കേന്ദ്രീകരിച്ചാണ് പ്രതി ലഹരി വിൽപന നടത്തിയിരുന്നത്. ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. 

കഞ്ചാവ്, മദ്യം, നിരോധിത പുകയില ഉത്പന്നങ്ങൾ തുടങ്ങിയവ പൊലീസ് പരിശോധനയിൽ കണ്ടെത്തി. സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ വിൽപ്പന. പൊലീസ് പരിശോധനയ്ക്കെത്തിയപ്പോഴും ലഹരി വസ്തുക്കൾ വാങ്ങാനെത്തിയ വിദ്യാർത്ഥികൾ സ്ഥലത്തുണ്ടായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് മാർട്ടിൻ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.