കൊട്ടാരക്കര: കടയ്ക്ക് മുന്നില്‍ മദ്യകുപ്പി പൊട്ടിച്ചത് ചോദ്യം ചെയ്യതതിന് മർദ്ദനം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരാഴ്ചക്ക് ശേഷം കൊട്ടാക്കര പൊലീസ് പിടികൂടി. ഒരാഴ്ച മുൻപാണ് സംഭവം. തലച്ചിറ സ്വദേശി അജി ജോയിക്കാണ് മർദ്ദനമേറ്റത്. അജിയുടെ കടക്ക് മുന്നില്‍ വച്ച് കേസിലെ പ്രതി അനില്‍ പ്രസാദും സഹോദരനും പരസ്യമായി മദ്യപിച്ചു. അതിന് ശേഷം ഒഴിഞ്ഞ മദ്യകുപ്പികള്‍ കടക്ക് മുന്നില്‍ എറിഞ്ഞ് പൊട്ടിച്ചു. 

ഇത് ചോദ്യം ചെയ്‍തതിനാണ് കട ഉടമയായ അജി ജോയിയെ മർദ്ദിച്ചത്. മ‍ർദ്ദനത്തില്‍ അജിയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരുക്ക് പറ്റി. രക്തം വാർന്നൊലിച്ച അജിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് ശേഷം പ്രതിയും സഹോദരനും ഒളിവില്‍ പോയി. അനില്‍ പ്രസാദിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയെങ്കിലും ഇയാളുടെ സഹോദരൻ ഇപ്പോഴും ഒളിവിലാണ്.

വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  രണ്ട് ആഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യതു. മുഖ്യപ്രതി അനില്‍ പ്രസാദ് കുപ്രസിദ്ധമായ മറ്റൊരു കൊലക്കേസിലെ പ്രതിയാണ്. ഒളിവിലുള്ള മറ്റൊരു പ്രതിക്കായി തിരച്ചില്‍ വ്യാപകമാക്കിയിടുണ്ട്. കൊട്ടാരക്കര റൂറല്‍ എസ്സ്പി യുടെ പ്രത്യേക സംഘമാണ് കേസ്സ് അന്വേഷിക്കുന്നത്.