മലപ്പുറം: അരീക്കോട് ഗ്രാമീണ ബാങ്കിൽ കവർച്ചാശ്രമം നടത്തിയ പ്രതി പിടിയില്‍. കാവനൂർ ചെമ്പനിക്കുന്നത് മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

ഓണാവധിക്ക് ബാങ്ക് അടച്ച ദിവസം പുറക് വശത്തെ ചില്ല് പൊട്ടിച്ച് വെൽഡിങ്ങ് മെഷിനുപയോഗിച്ച് കമ്പി മുറിച്ചാണ് മോഷണ ശ്രമം നടത്തിയത്. പുറത്ത് ആളുകളുടെ ശബ്ദം കേട്ടതോടെ പ്രതി മാറി നിന്നത് തൊട്ടടുത്ത ടെക്സ്റ്റയിൽ കടയുടെ സിസിടിവി ക്ക് മുന്നിലായിരുന്നു. 

കാര്യം മനസിലായ ഇയാൾ പിറ്റേന്ന് രാവിലെ കടയിലെത്തി താൻ വെള്ളമടിച്ചത് സിസിടിവിയിൽ കുടുങ്ങിയന്നും നാട്ടുകാരറിഞ്ഞാൽ മോശമാണന്നും പറഞ്ഞ് ദൃശ്യം മായ്ച്ച് കളഞ്ഞതായി പൊലീസ് പറയുന്നു. 

പക്ഷേ പ്രതി വന്നതും പോയതും പതിഞ്ഞ മറ്റൊരു സി സി ടി വി ദൃശ്യത്തിന്റെ സഹായത്തോടെയാണ് ഇയാൾ വലയിലായത്. വലിയ സാമ്പത്തിക ബാധ്യതയുള്ളതായും അത് വീട്ടാനാണ് മോഷ്ടിക്കാൻ ശ്രമിച്ചതെന്നും ഇയാൾ പറഞ്ഞു. ബാങ്ക് അവധി കഴിഞ്ഞ് തുറന്ന സമയത്താണ് ബാങ്കിന്റെ ജനൽ തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കാര്യം ബാങ്ക് അധികൃതർ അറിയുന്നത്.