ചെന്നൈ: സ്ത്രീയെന്ന വ്യാജേന ഓൺലൈൻ വഴി ബന്ധം സ്ഥാപിച്ച് ആളുകളിൽനിന്ന് പണം തട്ടിയ കേസിൽ ഇരുപത്തിയേഴുകാരൻ അറസ്റ്റിൽ. തിരുനെല്‍വേലി സ്വദേശിയും ബിടെക്ക് ബിരുദധാരിയുമായ വല്ലാള്‍ രാജ്കുമാർ റീഗനെയാണ് ചെന്നൈ മൈലാപ്പുര്‍ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇയാളുടെ തട്ടിപ്പിനിരയായ പി ഉദയരാജ് എന്നയാൾ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

പ്രിയ എന്നുപേരുള്ള യുവതി തന്നെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നായിരുന്നു ഉദയരാജ് പൊലീസിൻ നൽകിയ പരാതിയിൽ പറഞ്ഞത്. ഫെബ്രുവരി 16നാണ് താൻ ലോക്കാന്റോ ആപ്പ് ഡൗൺലോഡ് ചെയ്തത്. ജോലി ആന്വേഷിക്കുന്നതിന്റെ ഭാ​ഗമായായിരുന്നു ആപ്പ് ഇൻസ്റ്റോൾ ചെയ്തത്. ഇതിനിടെ പ്രിയ എന്നുപേരുള്ള സ്ത്രീ തനിക്ക് ലൈം​ഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. കുറച്ചുസമയം കഴിഞ്ഞപ്പോൾ അവർ‌ തന്നെ ഫോണിൽ വിളിക്കാനും തുടങ്ങി. പിന്നാലെ തന്റെ ന​ഗ്നച്ചിത്രങ്ങൾ കാണണമെങ്കിൽ 100 രൂപ അയക്കാൻ അവർ ആവശ്യപ്പെട്ടു. ഇതുപ്രകാരം പണമയച്ചപ്പോൾ അവരുടേതെന്ന വ്യാജേന നിരവധി ന​ഗ്നച്ചിത്രങ്ങൾ അയച്ചുതന്നു. തുടർന്ന് തന്റെ വീഡിയോ കാണണമെങ്കിൽ 1500 രൂപ അയക്കാൻ സ്ത്രീ തന്നോട് ആവശ്യപ്പെട്ടു. ഇതോടെ താൻ അവരുടെ നമ്പ‍ർ ബ്ലോക്ക് ചെയ്യുകയായിരുന്നു.

എന്നാൽ അവിടെകൊണ്ടൊന്നും കാര്യങ്ങൾ അവസാനിച്ചില്ല. തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പരാതി പിന്‍വലിക്കണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ട് സ്ത്രീ പിന്നെയും തന്നെ ഫോണില്‍ ബന്ധപ്പെട്ടു. പരാതിയുടെ കോപ്പിയും അവർ അയച്ചിരുന്നു. കൂടാതെ നിരവധി നമ്പറുകളിൽനിന്നായി ഫോൺകോളുകൾ ചെയ്ത് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ നമ്പറുകളെല്ലാം താൻ ബ്ലോക്ക് ചെയ്തിരുന്നതായും ഉ​ദയരാജ് പൊലീസിനോട് പറ‍ഞ്ഞു.

ഉദയരാജിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി. ഒടുവിൽ ഉദയരാജിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത് സ്ത്രീയല്ലെന്നും സ്ത്രീയുടെ ശബ്ദമുള്ള പുരുഷനാണെന്നും കണ്ടെത്തി. ഇതിന് പിന്നാലെ വ്യക്തമായ തെളിവുകളോടെ വല്ലാള്‍ രാജ്കുമാർ റീഗനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2017 മുതൽ തട്ടിപ്പ് തുടരുന്നു വല്ലാളിന്റെ വലയിൽ ഇതുവരെ മുന്നൂറ്റിയമ്പതോളം പുരുഷൻമാരാണ് അകപ്പെട്ടത്. ജോലി തേടുന്നവർക്കായുള്ള ലൊക്കാന്റോ എന്ന പേരിലുള്ള ആപ്പ് ഉപയോഗിക്കുന്നവരാണ് വല്ലാൾ തട്ടിപ്പിനിരയാക്കിയിരുന്നത്.

ആപ്പുവഴി സൗഹൃദത്തിലാകുന്ന പുരുഷൻമാരുമായി സെക്‌സ് ചാറ്റ് ചെയ്യുകയും അവർക്ക് ന​ഗ്നച്ചിത്രങ്ങളുമയച്ച് താൻ സ്ത്രീയാണന്ന് വിശ്വസിപ്പിക്കും. കുറച്ചു ദിവസംവരെ ഈ ചാറ്റ് തുടരുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമാണ് പ്രതി ചെയ്തിരുന്നത്. ഇത്തരത്തില്‍ 350 ലേറെ പേരില്‍നിന്ന് താന്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

അടുപ്പം സ്ഥാപിക്കുന്ന പുരുഷന്മാരുമായി ഫോണില്‍ സംസാരിക്കുകയും നഗ്നചിത്രങ്ങൾ അയച്ചുനല്‍കിയിരുന്നതായും പ്രതി പറഞ്ഞു. തന്റേത് സ്ത്രീശബ്ദമായതിനാല്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. മറ്റുസ്ത്രീകളുടെ നഗ്നചിത്രങ്ങളാണ് അയച്ചുനല്‍കിയിരുന്നത്. ഇതിന്റെ മറവില്‍ പണം കൈക്കലാക്കിയ ശേഷം ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പ്രതി പറഞ്ഞു.

പൊലീസിന്റെ ഓണ്‍ലൈന്‍ പരാതി സംവിധാനം ദുരുപയോഗം ചെയ്താണ് ഇയാള്‍ വ്യാജ പരാതികള്‍ നല്‍കിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഈ പരാതിയുടെ കോപ്പി കാണിച്ചാണ് പണം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഓരോ തവണയും പരാതിക്കൊപ്പം നല്‍കിയിരുന്നത് വ്യാജ മൊബൈല്‍ നമ്പറുകളായതിനാല്‍ പൊലീസിനും പ്രതിയെ കണ്ടെത്താനായിരുന്നില്ല. പരാതി നൽകുമ്പോൾ നൽകുന്ന മൊബൈൽ നമ്പർ പരിശോധിക്കുന്നതിനുള്ള സംവിധാനം നിലവിലില്ലാത്തത് തനിക്ക് സഹായകമായെന്നും പ്രതി കൂട്ടിച്ചേർത്തു.