മഞ്ചേശ്വരം: മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റത് കൂടെ ഉണ്ടായിരുന്നവരിൽ നിന്ന് തന്നെയെന്ന് സൂചന. സ്വന്തം സംഘത്തിൽ നിന്നും സിറാജുദ്ദീന് അബദ്ധത്തിൽ വെടിയേറ്റെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സംഭവ സമയത്ത് കൂടെ ഉണ്ടായിരുന്ന ആളുടെ വീട്ടിൽ നിന്നും വെടിയുണ്ടകളും ഉപയോഗിച്ച പാക്കറ്റുകളും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ബദിയെടുക്ക സ്വദേശി സിറാജുദ്ദീന് വെടിയേറ്റത്.

മഞ്ചേശ്വരം ഹൊസങ്കടിയിൽ വച്ച് രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കൂടെ ഉണ്ടായിരുന്നവർ സിറാജുദ്ദീനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മുങ്ങുകയായിരുന്നു. ആശുപത്രിയിൽ നിന്നും പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നിർണായകമായ വിവരങ്ങൾ ലഭിച്ചത്. സിറാജുദ്ദീന്‍റെ കൂട്ടുകാരായ നാലുപേരാണ് ദൃശ്യങ്ങളിൽ ഉള്ളത്. മഞ്ചേശ്വരം മിയാപദവ് സ്വദേശികളായ ഇവരിൽ ഒരാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും 20 വെടിയുണ്ടകളും ഉപയോഗിച്ച വെടിയുണ്ടകളുടെ പാക്കറ്റുകളും കണ്ടെത്തി. 

തോക്ക് കണ്ടെത്താനായിട്ടില്ല. സംഭവ ദിവസം സിറാജുദ്ദീൻ ഇവർക്കൊപ്പം ഉണ്ടായിരുന്നു. വാഹനത്തിൽ ഹൊസങ്കടി പ്രദേശങ്ങളിൽ കറങ്ങുകയും ചെയ്തു. ഇതിനിടയിൽ സംഘാംഗങ്ങൾ തമ്മിൽ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വെടിവെച്ചതോ അല്ലെങ്കിൽ അബദ്ധത്തിൽ വെടിയേൽക്കുകയോ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടെഉണ്ടായിരുന്ന നാലുപേരെയും ഇതുവരേയും കണ്ടെത്താനായിട്ടില്ല.

ഇവരുടെ വീടുകളിൽ അന്വേഷണ സംഘം പരിശോധന നടത്തി. അതേ സമയം വെടിയേറ്റ സിറാജുദ്ദീൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴുത്തിൽ നിന്നും വെടിയുണ്ട നീക്കം ചെയ്തിട്ടുണ്ട്. സിറാജുദ്ദീൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ചികിത്സയിൽ തുടരുന്നതിനാൽ ഇതുവരേയും മൊഴിയും രേഖപ്പെടുത്താനായിട്ടില്ല.