ഫ​ഗ്വാര: തടി അറക്കുന്ന ഈർച്ചവാൾ മെഷീനിലേക്ക് കാലുതെന്നി വീണ വൃദ്ധന്റെ കഴുത്തറ്റു. പഞ്ചാബിലെ ഫ​ഗ്വാര പ്രദേശത്ത് തടിമില്ലിൽ ജോലി ചെയ്തിരുന്ന അജിത് സിം​ഗ് എന്ന അറുപത്തഞ്ചുകാരനാണ് ദാരുണാന്ത്യത്തിന് ഇരയായത്. തടി അറക്കാൻ ഉപയോ​ഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡിന് മുകളിലേക്കാണ് അജിത് സിം​ഗ് വീണത്. 

കഴിഞ്ഞ അഞ്ച് വർഷങ്ങളായി അജിത് സിം​ഗ് ഇവിടത്തെ ജീവനക്കാരനായിരുന്നു എന്ന് മകൻ പർവീന്ദർ  സിം​ഗ് പറഞ്ഞു. മെഷീൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അജിത് സിം​ഗ് ഇതിലേക്ക് വീണതെന്ന് സിറ്റി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയ് കൻവാർ വ്യക്തമാക്കി. അജിത് സിം​ഗിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സിവിൽ ഹോസ്പിറ്റലിലേക്ക് എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.