ആലപ്പുഴ: മാവേലിക്കര ഇരട്ടക്കൊലക്കേസിൽ പ്രതി സുധീഷിന് വധശിക്ഷ. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് ദമ്പതികളെ മകന്‍റെ മുന്നിലിട്ട് കൊലപ്പെടുത്തിയ കേസിലാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞത്.

അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി വിധി. 2018 ഏപ്രിൽ 23 നാണ് മാവേലിക്കര പല്ലാരിമംഗലം സ്വദേശികളായ ബിജു, ശശികല എന്നിവരെ അയൽവാസിയായ സുധീഷ് കൊലപ്പെടുത്തിയത്. ബിജുവും ഭാര്യ ശശികയും, ജോലി കഴിഞ്ഞ് മകനുമൊത്ത് വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു. വഴിയരികിൽ നിന്ന സുധീഷ് ഇവരെ അസഭ്യം പറഞ്ഞു. ഇത് ബിജു ചോദ്യം ചെയ്യുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. 

ഇതിനുശേഷം വീടിനുള്ളിലേക്ക് കയറിയ ബിജുവിനെ പിന്നാലെയെത്തിയ സുധീഷ് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു. തടയാൻ ശ്രമിച്ച ഭാര്യ ശശികലയ്ക്കും അടി കിട്ടി. പുറത്തേക്ക് ഓടിയ ഇരുവരെയും ഇഷ്ടികയും കമ്പിവടിയും കൊണ്ട് വീണ്ടും പ്രതി ആക്രമിച്ചു. ആറ് വയസുകാരനായ മകന്‍റെ മുന്നിലിട്ടായിരുന്നു അരുംകൊല. പട്ടികജാതി പീഡന നിരോധന നിയമപ്രകാരവും പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കൂടി പരിഗണിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ വിധി.