മാവേലിക്കര: മാവേലിക്കരയിൽ പൊലീസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ കൊല്ലപ്പെട്ട സൗമ്യയും പ്രതി അജാസും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്ന് പൊലീസ്. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നു. അടുത്തിടെ അജാസ് സൗമ്യയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് കരുതുന്നത്.

ഇരുവരും തമ്മിൽ പരിചയമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കെഎപി ബെറ്റാലിയനിലെ പരിശീലന കാലത്ത് തുടങ്ങിയ പരിചയമാണ് സൗഹൃദമായി വളര്‍ന്നത്. അവിവാഹിതനായ അജാസിന് സൗമ്യയെ വിവാഹം ചെയ്യാൻ താൽപര്യം ഉണ്ടായിരുന്നു. നിരന്തരം ഫോണിൽ വിളിക്കുമായിരുന്നു എന്നാണ് സൗമ്യയുടെ അമ്മയും പറയുന്നത്. എന്നാൽ വിവാഹ വാദ്ഗാനം സൗമ്യ നിരസിക്കുകയായിരുന്നു എന്നാണ് വിവരം. 

ഫോൺവിളിയും വാട്സ് ആപ്പ് സന്ദേശങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്, പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന അജാസിന്‍റെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല. 

read more:പൊലീസുകാരി സൗമ്യ പുഷ്പാകരനെ കൊലപ്പെടുത്തിയ അജാസ് ആരാണ്

സൗമ്യയെ അജാസ് നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്ന് സൗമ്യയുടെ മകനും പറഞ്ഞിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അജാസാണെന്നും അക്കാര്യം പൊലീസിനോട് പറയണമെന്ന് അമ്മ പറ‍ഞ്ഞിട്ടുണ്ടെന്നുമാണ് മകൻ പറയുന്നത്.

read more:മാവേലിക്കരയിൽ പൊലീസുകാരിയെ ചുട്ടുകൊന്ന സംഭവം; അജാസിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മകൻ