തിരുവനന്തപുരം: കേരളത്തെ നടുക്കിയ സൗമ്യ വധക്കേസിൽ മുഖ്യ പ്രതി അജാസ് ഇന്ന് മരണമടഞ്ഞതോടെ ഈ കേസിന് ഇനി എന്ത് സംഭവിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രതിയുടെ മരണത്തോടെ കേസ് അടഞ്ഞുപോകില്ലെന്നാണ് കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും ക്രിമിനൽ കേസുകളിൽ വിദഗ്ദ്ധനുമായ അഡ്വ എസ്കെ രാജീവ് പറയുന്നത്.

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പ്രതിയായ അജാസിന് കുറ്റക്കാരനെന്ന് തെളിയുന്ന പക്ഷം പരമാവധി വധശിക്ഷ വരെ ലഭിക്കാമായിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

"മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് വ്യക്തമായതാണ്. ഇതിനായി ജോലിയിൽ നിന്ന് അവധിയെടുത്ത് പെട്രോൾ വാങ്ങി സൗമ്യയുടെ സ്ഥലത്ത് പോയി നടത്തിയ കൊലപാതകമാണിത്. അതിനാൽ തന്നെ പരമാവധി വധശിക്ഷ വരെ പ്രതിക്ക് കിട്ടുമായിരുന്നു," അദ്ദേഹം പറഞ്ഞു.

"പ്രതി മരിച്ചെന്ന് കരുതി കേസ് തീർന്ന് പോകില്ല. കൊലപാതകം ആസൂത്രണം ചെയ്യുന്നതിൽ പ്രതിയെ ആരെങ്കിലും സഹായിച്ചിരുന്നോയെന്നത് അന്വേഷണ പരിധിയിൽ വരേണ്ട കാര്യമാണ്. അത് കൂടി വ്യക്തമാകാതെ കേസ് അവസാനിപ്പിക്കാൻ സാധിക്കില്ല," അഭിഭാഷകൻ വിശദീകരിച്ചു.

മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെയാണ് അജാസ് തീ കൊളുത്തി കൊന്നത്.  സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ഇതേ തുടര്‍ന്നുണ്ടായ അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്. വയറിനേറ്റ ഗുരുതരമായ പൊള്ളലില്‍ നിന്നുണ്ടായ അണുബാധ അജാസിന്‍റെ വൃക്കകളെ ബാധിച്ചിരുന്നു. ഇതോടെ ഇയാളെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. ഡയാലിസിസ് തുടരുന്നതിനിടെ ന്യൂമോണിയയും ബാധിച്ചു. 

ബുധനാഴ്ച രാവിലെ അജാസിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ അവസ്ഥയില്‍ അധികം മുന്നോട്ട് പോകില്ലെന്നും അവര്‍ സൂചിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ തന്നെ അജാസിന്‍റെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചു.  വൈകുന്നേരം അഞ്ചരയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു

വ്യക്തമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകത്തിൽ മാറ്റാർക്കും പങ്കില്ലെന്നാണ് അജാസ് മരിക്കുന്നതിന് മുമ്പ് മൊഴി നൽകിയത്. സൗമ്യയെ വടിവാളു കൊണ്ടുവെട്ടിയ ശേഷം പെട്രോൾ ഒളിച്ച് തീകൊളുത്തി. ഇതിനിടെ സ്വന്തം ദേഹത്തും പെട്രോൾ ഒഴിച്ചു. ആത്മഹത്യയായിരുന്നു ലക്ഷ്യമെന്നും ആലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു നൽകിയ മൊഴിയില്‍ അജാസ് പറയുന്നു. അജാസിനെ സൗമ്യ നേരത്തെ ഒഴിവാക്കാൻ ശ്രമിച്ചപ്പോഴും ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

നാൽപ്പത് ശതമാനത്തിലധികം പൊള്ളലേറ്റ അജാസിന്‍റെ ആരോഗ്യനില ആദ്യദിനം മുതല്‍ ഗുരുതരമായി തുടരുകയായിരുന്നു. അണുബാധ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.പ്രതിയുടെ ആരോഗ്യനില മെച്ചപ്പെടാതെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാൻ അന്വേഷണസംഘത്തിനുമായില്ല.