നോയിഡ: നോയിഡയില്‍ ജോലി വാഗ്ദാനം ചെയ്ത് 21-കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത് പീഡനശ്രമം തടയാനെത്തിയവര്‍. ജോലി നല്‍കാമെന്ന് പറഞ്ഞ് നോയിഡ പാര്‍ക്കിലേക്ക് വിളിച്ചുവരുത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ഇവിടെ എത്തിയ ഒരു സംഘം ആളുകള്‍ തടഞ്ഞു. എന്നാല്‍ പിന്നീട് ഇവരും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. 

സെക്ടര്‍ 63 ല്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. നോയിഡ സ്വദേശിയായ യുവതി തനിക്ക് ജോലി വാഗ്ദാനം ചെയ്ത രവി എന്നയാളെ കാണാനാണ് ഇയാളുടെ നിര്‍ദ്ദേശപ്രകാരം പാര്‍ക്കിലെത്തിയത്. എന്നാല്‍ ഇവിടെ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ രവി ശ്രമിച്ചു. അലറിക്കരഞ്ഞ യുവതിയുടെ ശബ്ദം കേട്ട് ഇവിടേക്ക് എത്തിയ രണ്ട് യുവാക്കള്‍ രവിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് രവി പാര്‍ക്കില്‍ നിന്നും ഓടി രക്ഷപ്പെട്ടു. എന്നാല്‍  രക്ഷിക്കാനെത്തിയ രണ്ട് യുവാക്കള്‍ ചേര്‍ന്ന് പിന്നീട് പാര്‍ക്കില്‍ വെച്ച് തന്നെ യുവതിയെ പീഡിപ്പിച്ചു. ഇവര്‍ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെ കൂടി സ്ഥലത്തേക്ക് വിളിച്ചു വരുത്തി. ശേഷം ഇവര്‍ അഞ്ചുപേരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതിക്ക് അമിതരക്തസ്രാവം ഉണ്ടായതോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രവിയെ അറസ്റ്റ് ചെയ്ത പൊലീസ് ഇവര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് മൂന്ന് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പ്രതിഫലം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.