Asianet News MalayalamAsianet News Malayalam

ചേവായൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി നേരത്തെയും പീഡിപ്പിക്കപ്പെട്ടെന്ന് പൊലീസ്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചികില്‍സ തേടിയിരുന്ന യുവതി രോഗം കലശലാകുമ്പോള്‍ വീട് വിട്ടിറങ്ങാറുണ്ട്. ഇത്തരത്തില്‍ വീട് വിട്ടിറങ്ങിയപ്പോഴാണ് താന്‍ മുമ്പും പീഡനത്തിന് ഇരയായതെന്ന് യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. 

mentally challenged woman was gang raped in chevayoor follow up
Author
Chevayoor, First Published Jul 9, 2021, 12:20 AM IST

കോഴിക്കോട്: കോഴിക്കോട് ചേവായൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരത്തെയും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ്. മാനസിക വെല്ലുവിളി നേരിടുന്ന യുവതി വീട് വിട്ടിറങ്ങിയപ്പോഴായിരുന്നു മുമ്പും  പീഡിപ്പിക്കപ്പെട്ടത്. അതേസമയം യുവതിയെ ബസില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷിനായുളള അന്വേഷണം തുടരുകയാണ്.

ചേവായൂര്‍ സ്റ്റേഷന്‍ പരിധിയിലെ മുണ്ടിക്കല്‍താഴത്ത് നിര്‍ത്തിയിട്ട ബസില്‍ മാനസിക വെല്ലുവിളി നേരിടുന്ന 21 കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ നേരത്തെയും പീഡനത്തിന് ഇരയായതായി വ്യക്തമായത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചികില്‍സ തേടിയിരുന്ന യുവതി രോഗം കലശലാകുമ്പോള്‍ വീട് വിട്ടിറങ്ങാറുണ്ട്. ഇത്തരത്തില്‍ വീട് വിട്ടിറങ്ങിയപ്പോഴാണ് താന്‍ മുമ്പും പീഡനത്തിന് ഇരയായതെന്ന് യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. 

മാനസിക വെല്ലുവിളി നേരിടുന്ന ആളായതിനാല്‍ ഇവര്‍ക്ക് സ്ഥിരമായി സംരക്ഷണം നല്‍കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം സാമൂഹ്യ ക്ഷേമ വകുപ്പിനെ അറിയിച്ചു. അതിനിടെ യുവതിയെ ബസില്‍ ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനായി അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ഇയാളുടെ സ്കൂട്ടറിലായിരുന്നു യുവതിയെ മെഡിക്കല്‍ കോളജ് പരിസരത്തു നിന്ന് മുണ്ടിക്കല്‍ താഴത്തെ ബസ് ഷെഡിലേക്ക് കൊണ്ടുപോയത്. 

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാളുടെ പേരിലുളള KL 57 B 9587 എന്ന ഈ സ്കൂട്ടര്‍ തിരിച്ചറി‌ഞ്ഞിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കെട്ടിടനിര്‍മാണ തൊഴിലാളിയായ ഇന്ത്യേഷിന്‍റെ കോഴിക്കോട് പന്തീര്‍പാടത്തെ വീട്ടിലും ഇയാള്‍ പോകാനിടയുളള വിവിധ കേന്ദ്രങ്ങളിലും അന്വേഷണ സംഘമെത്തിയിരുന്നു. പീഡനശേഷം ഒരു വട്ടം വീട്ടിലെത്തിയ ഇയാള്‍ പിന്നീട് മലപ്പുറത്തേക്ക് പോയതായാണ് വിവരം. 2003ല്‍ കാരന്തൂരില്‍ മൂന്ന് പേരെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്ന ഇന്ത്യേഷ് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച വ്യക്തിയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios