ആലപ്പുഴ: എസ് എന്‍ ഡി പി മാവേലിക്കര യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി യൂണിയന്‍ അംഗങ്ങള്‍ രംഗത്ത്. യൂണിയന്‍ പ്രസിഡന്റും ബി ഡി ജെ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനുമായ സുഭാഷ് വാസു, യൂണിയന്‍ സെക്രട്ടറിയും എന്‍ ഡി എ സംസ്ഥാന ജോയിന്റ് കണ്‍വീനറുമായ ബി സുരേഷ് ബാബു, യൂനിയന്‍ വൈസ് പ്രസിഡന്റും ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റുമായ ഷാജി എം പണിക്കര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

യോഗം ശാഖാ ഭാരവാഹികളായ  ദയകുമാര്‍ ചെന്നിത്തല, ബി സത്യന്‍, രാജന്‍ ഡ്രീംസ്, ഗോപകുമാര്‍ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച്  ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായി ഇവര്‍ വ്യക്തമാക്കി. യൂണിയന്‍ ഭാരവാഹികളടക്കം പത്ത് പേരെ പ്രതി ചേര്‍ത്ത് മാവേലിക്കര പോലീസ് എഫ് ഐ ആര്‍ ഇട്ട കേസാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ചിന് കൈമാറിയത്. മൈക്രോഫൈനാന്‍സ് തട്ടിപ്പടക്കം 12.5 കോടിയുടെ സാമ്പത്തിക ക്രമക്കേടുകളും പണാപഹരണമാണ് യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം. 

മൈക്രോഫൈനാന്‍സ് വായ്പ തിരിച്ചടവിന് ബാങ്കുകള്‍ നിശ്ചയിച്ചു നല്‍കുന്ന 36 മാസം കാലാവധി ആരോപണവിധേയര്‍ 24 മാസമായി ചുരുക്കിയാണ് സംഘങ്ങള്‍ക്ക് വിതരണം ചെയ്തത്. ഇത് വഴി വന്‍ സാമ്പത്തിക തട്ടിപ്പാണ് ഇവര്‍ നടത്തിയിട്ടുള്ളത്. ഇതിനും പുറമെ, സംഘങ്ങളില്‍ നിന്ന് തിരിച്ചുപിടിച്ച തുക കാലാവധി കഴിഞ്ഞിട്ടും ബാങ്കുകളില്‍ അടക്കാതെ തട്ടിപ്പു നടത്തിയതായി പരാതിക്കാര്‍ ആരോപിച്ചു. 2006 മുതല്‍ 2019 വരെ 13 വര്‍ഷ കാലയളവില്‍ വ്യാജരേഖകള്‍ ചമച്ച് മൈക്രോഫൈനാന്‍സ് വായ്പ തുകയിലും പലിശ ഇനത്തിലും 7.13 കോടിയുടെയും യൂനിയന്‍ കെട്ടിട നവീകരണത്തിന്റെ പേരില്‍ 1.30 കോടിയുടെയും തട്ടിപ്പ് നടത്തിയതായി എഫ് ഐ ആറില്‍ വ്യക്തമാക്കുന്നു.

അതെസമയം, മൈക്രോഫൈനാന്‍സ് തട്ടിപ്പില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി തങ്ങള്‍ക്കറിയില്ലെന്നും അവര്‍ വ്യക്തമാക്കി. യൂണിയൻ ഭാരവാഹികള്‍ക്ക് പുറമെ, രണ്ട് ജീവനക്കാരും അഞ്ച് ബാങ്ക് മാനേജര്‍മാരും ഉള്‍പ്പെടെ പത്ത് പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പരാതിക്കാര്‍ പറയുന്നു.