പ്രതികൾ ബൈജുവിനെ സംഘം ചേർന്ന് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമെന്ന് വ്യക്തമാവുന്നത്

കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മണൽ മാഫിയ സംഘത്തിന്റെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനാണ് മണമ്പൂർ സ്വദേശി ബൈജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതികൾ ബൈജുവിനെ സംഘം ചേർന്ന് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമെന്ന് വ്യക്തമാവുന്നത്.

കഴിഞ്ഞ 28 ന് രാവിലെ പത്ത് മണിയോടെയാണ് മണമ്പൂര്‍ ശങ്കരന്‍മുക്ക് ശിവശൈലം വീട്ടില്‍ സദാശിവന്റെ മകന്‍ ബൈജുവിനെ വീടിന് മുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്ന നിലയിലായിരുന്നു ബൈജുവുണ്ടായിരുന്നത്. കടയ്ക്കാവൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മണമ്പൂര്‍ സ്വദേശികളായ റിനു, ഷൈബു, അനീഷ്, വിശാഖ് എന്നിവരാണ് പിടിയിലായത്.

മണമ്പൂര്‍ ജംഗ്ഷന് സമീപം ജെ.സി.ബിയും ടിപ്പര്‍ ലോറികളുമൊക്കെ പാര്‍ക്ക് ചെയ്യുന്ന യാര്‍ഡില്‍ രാത്രി സമയത്തുള്ള പ്രതികളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനമായത്. വാക്കുതര്‍ക്കം സംഘം ബൈജുവിനെ മര്‍ദ്ദിക്കുന്നതിലേക്ക് നീണ്ടു. ബൈജുവിന്റെ തലയ്ക്ക് പിന്നില്‍ പ്രതികള്‍ ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ബൈജുവിനെ പ്രതികള്‍ വീടിന് മുന്നില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പ്രതികള്‍ ബൈജുവിനെ വീടിന് മുന്നില്‍ കൊണ്ടിടുന്നതും അതിനുശേഷം വന്ന് ബൈജുവിനെ നിരീക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം