ക്രൂരമായ കൊലപാതകത്തിന് ശേഷം 27 കാരനായ ലെവി വില്യം ആക്സ്ടെല്‍ പൊലീസിന് കീഴടങ്ങുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയില്‍ കലമാന്‍റെ കൊമ്പുമായാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.

മിനസോട്ട: 22 മാസം പ്രായമുള്ള മകളെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് 77 കാരനെ കൊലപ്പെടുത്തി 27കാരന്‍. മിനസോട്ടയിലാണ് സംഭവം. ബുധനാഴ്ചയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കലമാന്‍റെ കൊമ്പും മണ്‍വെട്ടിയും ഉപയോഗിച്ചായിരുന്നു കൊലപാതകം. ക്രൂരമായ കൊലപാതകത്തിന് ശേഷം 27 കാരനായ ലെവി വില്യം ആക്സ്ടെല്‍ പൊലീസിന് കീഴടങ്ങുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയില്‍ കലമാന്‍റെ കൊമ്പുമായാണ് ഇയാള്‍ ബുധനാഴ്ച പൊലീസ് സ്റ്റേഷനിലെത്തിയത്.

അയല്‍വാസിയായ 77 കാരനായ ഗ്രാന്‍ഡ് മറെയാണ് ഇയാള്‍ ക്രൂരമായി കൊല ചെയ്തത്. ദീര്‍ഘകാലമായി ഇയാളെ പരിചയമുള്ള വ്യക്തിയാണ് ആക്സ്ടെല്‍. തന്‍റെ മകള്‍ അടക്കം നിരവധി കുട്ടികളെ ഗ്രാന്‍ഡ് മറെ ശല്യം ചെയ്തതായും ദുരുപയോഗം ചെയ്തതായും വ്യക്തമായതിന് പിന്നാലെയാണ് കടുംകൈ കാണിച്ചതെന്നാണ് ലെവി വില്യം ആക്സ്ടെല്‍ വിശദമാക്കുന്നത്. മിനസോട്ടയിലെ കുക്ക് കൌണ്ടി പൊലീസ് സ്റ്റേഷനിലാണ് ലെവി കീഴടങ്ങിയത്. ബുധനാഴ്ച രാത്രിയോടെയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. അവനെ ഞാന്‍ തീര്‍ത്തുവെന്ന് ആക്രോശിച്ചാണ് ഇയാള്‍ സ്റ്റേഷനിലേക്കെത്തിയതെന്ന് പൊലീസ് വിശദമാക്കുന്നത്. ഇയാളില്‍ വിവരം ശേഖരിച്ച് മറെയുടെ വീട്ടിലേക്ക് പൊലീസ് എത്തിയെങ്കിലും 77കാരന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഗ്രാന്‍ഡ് മറെയുടെ വീട്ടിലേക്ക് കാരവാനിലെത്തിയ ഒരാള്‍ കയറിപ്പോയതായും പിന്നാലെ വീട്ടില്‍ നിന്ന് നിലവിളി ശബ്ദം കേട്ടതായും അയല്‍വാസികള്‍ പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. അല്‍പ സമയത്തിന് പിന്നാലെ ഒരാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയതായും അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രക്തത്തില്‍ കുളിച്ച് മണ്‍വെട്ടിക്ക് സമീപത്തായാണ് മറെയുടെ മൃതദേഹം കണ്ടെത്തിയത്. കലമാന്‍റെ കൊമ്പ് വച്ചും മണ്‍വെട്ടി ഉപയോഗിച്ചും ഇരുപതിലേറെ തവണയാണ് മറെയ്ക്ക് പ്രഹരമേറ്റിട്ടുള്ളത്. മൂര്‍ച്ചയില്ലാത്ത ഉപകരണം വച്ചുണ്ടായ അടിയേറ്റ് തല തകര്‍ന്നാണ് മറെ മരിച്ചതെന്നാണ് മറെയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കുന്നത്. മറെയെ ആക്രമിക്കാനുപയോഗിച്ച മണ്‍വെട്ടി അയാളുടെ തന്നെ വീട്ടില്‍ നിന്ന് എടുത്തതാണെന്ന് ആക്സ്ടെല്‍ വിശദമാക്കി. ഇതിന് മുന്‍പ് ആക്സ്ടെലും മറെയും തമ്മില്‍ പല വിഷയങ്ങളില്‍ ഉരസലുകള്‍ പതിവായിരുന്നുവെന്നാണ് കുക്ക് കൌണ്ടി പൊലീസ് വിശദമാക്കുന്നത്.

22 മാസം പ്രായമുള്ള ആക്സ്ടെലിന്‍റെ മകളെ ദുരുപയോഗിക്കാന്‍ മറെ ശ്രമിച്ചുവെന്നാണ് കൊലപാതക കാരണമായി ആക്സ്ടെല്‍ വിശദമാക്കുന്നത്. 1970 കാലഘട്ടത്തില്‍ മറെയ്ക്ക് എതിരെ ഇത്തരമൊരു കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്തിരുന്നതായി പൊലീസും വിശദമാക്കുന്നുണ്ട്. എന്നാല്‍ അടുത്ത കാലത്ത് ഇയാള്‍ക്കെതിരെ ഇത്തരം പരാതികള്‍ ഒന്നും ഉയര്‍ന്നിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റമാണ് ആക്സ്ടെല്ലിനെ ചുമത്തിയിട്ടുള്ളത്. 

വീട്ടിൽ അതിക്രമിച്ച് കയറി, ഉറങ്ങിക്കിടക്കുന്ന യുവാവിനെ സഹോദരിയുടെ മുൻ ഭർത്താവ് കുത്തിക്കൊന്നു