മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ഭര്‍ത്താവുമടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം.

പെണ്‍കുട്ടിയെ അവരുടെ അമ്മ 2018 ല്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിച്ചയച്ചു. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും ക്രൂരമായ പീഡനമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. ഭര്‍ത്താവിന്‍റെ മര്‍ദ്ദനം തുടര്‍ന്നതോടെ ഇവര്‍ അമ്മയുടെ അടുത്തേക്ക് തിരിച്ചു വന്നു. തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ഇതിനുവേണ്ടി മറ്റൊരു സ്ത്രീയ്ക്ക് വില്‍ക്കുകയും ചെയ്തു. 

ആ സ്ത്രീയുടെ ഭര്‍ത്താവുള്‍പ്പെടെ പീഡനം തുടര്‍ന്നതോടെ പെണ്‍കുട്ടി രക്ഷപ്പെടാനായി സഹോദരന്‍റെ സഹായം തേടി. എന്നാല്‍ സഹോദരന്‍ ഇവരെ പീഡിപ്പിക്കുകയും ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ മുംബൈ പൊലീസ് പോക്സോ വകുപ്പ് അടക്കം ചേര്‍ത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.