എറണാകുളം: ഏലൂര്‍ മഞ്ഞുമ്മലില്‍ പതിനാലുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ കൂട്ടു പ്രതികളെ കണ്ടെത്താന്‍ ഉത്തര്‍പ്രദേശ് പൊലീസിന്‍റെ സഹായം തേടും. കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്ന് പേരെ കൂടി പിടികിട്ടാനുണ്ട്.

മഞ്ഞുമ്മലില്‍ താമസിക്കുന്ന പതിനാലുകാരിയെ ആറ് പേര്‍ ചേര്‍ന്ന് മാസങ്ങളോളം പീഡനത്തിനിരയാക്കി എന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് യുപി സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍ , ഹനീഫ് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ കൂട്ടാളികളായ മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഇവര്‍ നേരത്തെ തന്നെ സംസ്ഥാനം വിട്ടിരുന്നു. കൊവിഡ് സാഹചര്യം മൂലം യാത്ര ദുഷ്കരമായതിനാല്‍ ഉത്തര്‍പ്രദേശ് പൊലീസിന്‍റെ സഹായത്തോടെ ഇവരെ പിടികൂടാനാണ് തീരുമാനം. ഇതിനായി സിറ്റി പൊലീസ് കമീഷണര്‍ മുഖേന നടപടി സ്വീകരിക്കും. മഞ്ഞുമ്മലില്‍ മുത്തശ്ശനോടും മുത്തശ്ശിയോടൊപ്പമാണ് പതിനാല്കാരി താമസിക്കുന്നത്. അമ്മ നേരത്തെ മരിച്ചു. അഛന് ദില്ലിയില്‍ ജോലി ചെയ്യുകയാണ്. 

പ്രതികളില്‍ രണ്ട് പേര്‍ ഇവരുടെ വീടിനോട് ചേര്‍ന്നാണ് താമസിച്ചിരുന്നത്. പ്രതികള്‍ ചേര്‍ന്ന് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കുട്ടിയെ പീ‍ഡനത്തിരയാക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ പീഡനം തുടങ്ങിയെന്നാണ് കുട്ടിയുടെ മൊഴി. 

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.തുടര്‍ന്ന് കൗണ്‍സിലിംഗ് നടത്തിയ ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.