വിജയകരമായി നടത്തിക്കൊണ്ടുവന്നിരുന്ന കംപ്യൂട്ടര്‍ സ്ഥാപനം കുറഞ്ഞ വില്‍പനയ്ക്ക് തയ്യാറാകണമെന്ന വീട്ടുടമസ്ഥന്‍റെ സമ്മര്‍ദം സഹിക്കാന്‍ കഴിയാതെ വന്നതോടെ അടുത്തിടെയാണ് നിയമവിദ്യാര്‍ത്ഥി സാഹിബാബാദിലെ ഗിരിധര്‍ എന്‍ക്ലേവിലേക്ക് താമസം മാറിയത്. 

ഗാസിയാബാദ്: കുറഞ്ഞ വിലക്ക് കംപ്യൂട്ടര്‍ സ്ഥാപനം വില്‍പനയ്ക്ക് തയ്യാറാവാത്ത നിയമവിദ്യാര്‍ത്ഥിയെ വീട്ടുടമസ്ഥന്‍ കൊലപ്പെടുത്തി. ഒക്ടോബര്‍ ഒമ്പതാം തിയതി മുതല്‍ ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് കാണാതായ നിയമ വിദ്യാര്‍ത്ഥി പങ്കജ് സിങിന്‍റെ മൃതദേഹമാണ് മുന്‍ വീട്ടുടമ ഹരിഓം എന്ന മുന്നയുടെ വീടിന്‍റെ ഉള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. 

പങ്കജ് സിങ് വിജയകരമായി നടത്തിക്കൊണ്ടുവന്നിരുന്ന കംപ്യൂട്ടര്‍ സ്ഥാപനം കുറഞ്ഞ വില്‍പനയ്ക്ക് തയ്യാറാകണമെന്ന വീട്ടുടമസ്ഥന്‍റെ സമ്മര്‍ദം സഹിക്കാന്‍ കഴിയാതെ വന്നതോടെ അടുത്തിടെയാണ് പങ്കജ് സാഹിബാബാദിലെ ഗിരിധര്‍ എന്‍ക്ലേവിലേക്ക് താമസം മാറിയത്. ആദ്യ വീട്ടുടമയുടെ നാലുകുട്ടികള്‍ അടക്കം നിരവധി കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്ന പങ്കജിനെ ക്ലാസിന് സമയത്തും കാണാതെ വന്നതോടെയാണ് സഹോദരന്‍ പൊലീസിനെ സമീപിച്ചത്. 

കംപ്യൂട്ടര്‍ സ്ഥാപനം ഹരിഓമിന് വില്‍ക്കണം എന്നാവശ്യപ്പെട്ട് വീട്ടുടമസ്ഥന്‍ ശല്യപ്പെടുത്തിയിരുന്നതായി സഹോദരന്‍ പരാതിയില്‍ പറയുന്നു. വളരെ കുറഞ്ഞ വിലക്ക് വില്‍പന നടത്താനായിരുന്നു ഹരിഓം ആവശ്യപ്പെട്ടതെന്നും പരാതിയിലുള്ള അന്വേഷണത്തില്‍ വിശദമായതായി പൊലീസ് വിശദമാക്കി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിഓമിന്‍റെ വീട്ടില്‍ പൊലീസ് എത്തുന്നത്

ഹരിഓമിന്‍റെ വീടിന്‍റെ തറയില്‍ മാത്രം നടത്തിയ പുരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തോന്നിയ സംശയത്തെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പങ്കജിന്‍റെ മൃതദേഹം തറയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് പങ്കജിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ആറടിയോളം നീളമുള്ള കുഴിയെടുത്താണ് പങ്കജിന്‍റെ മൃതദേഹം മറവ് ചെയ്തത്. ഒളിവില്‍ പോയ ഹരിഓമിനും കുടുംബത്തിനും വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് വിശദമാക്കി.