കറസാല്‍: കൊല്ലപ്പെടുന്നതിന് ഒരു നിമിഷം മുമ്പ് പോലും അവള്‍ എമര്‍ജന്‍സി നമ്പറില്‍ പൊലീസിനോട് രക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നിട്ടും 19 മണിക്കൂറൂകള്‍ക്കൊടുവിലാണ് അലക്സാന്‍ഡ്ര മക്കസാനു എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്താന്‍ പൊലീസ് ശ്രമിച്ചത്. റൊമാനിയയുടെ 'നിര്‍ഭയ'യായ അലക്സാന്‍ഡ്രയെന്ന പെണ്‍കുട്ടി നേരിട്ട ക്രൂരമായ പീഡനത്തിന്‍റെയും തുടര്‍ന്നുണ്ടായ കൊലപാതകത്തിന്‍റെയും പൊലീസിന്‍റെ അനാസ്ഥയുടെയും ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുവന്നതോടെ അവള്‍ക്കായി കത്തുകയാണ് റൊമാനിയ. 

15 വയസുമാത്രം പ്രായമായ അലക്സാന്‍ഡ്രയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം ചുട്ടുകൊല്ലുകയായിരുന്നു. തട്ടിക്കൊണ്ടുവന്നയാള്‍  അവളെ കറസാലിലെ ഒരു വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ജൂലൈ 25ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൂന്ന് തവണ അവള്‍ കറസാലിലെ പൊലീസിന്‍റെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ചു. 

''എനിക്ക് പേടിയാകുന്നു, എന്നോടൊപ്പം ഈ ഫോണില്‍ ഒന്ന് തുടരൂ'' എന്നാണ് അവള്‍ പൊലീസിനോട് അപേക്ഷിച്ചത്. ഇപ്പോഴെത്താമെന്ന് അവര്‍ അവളെ സമാധാനിപ്പിച്ചു. പിന്നെയും രണ്ട് തവണ കൂടി അവള്‍ വിളിച്ചു. ഒടുവില്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും  ' അയാള്‍ തിരിച്ചുവരുന്നുണ്ട്' എന്നുമാണ് അവള്‍ പറഞ്ഞത്. പുറംലോകത്തോട് അതായിരുന്നു അവള്‍ അവസാനം പറഞ്ഞതും. എന്നാല്‍ ഫോണില്‍ തുടരാനാകില്ലെന്നും 'നിങ്ങള്‍ മാത്രമല്ല, മറ്റുള്ളവരും വിളിക്കുന്നുണ്ട്'  എന്നുമായിരുന്നു പൊലീസിന്‍റെ ഭാഗത്തുനിന്ന് ലഭിച്ച മറുപടി. 

''അവിടെ തന്നെ തുടരൂ, പൊലീസ് വാഹനം ഉടന്‍ അവിടെയെത്തും. എന്തൊരു നാശമാണ്, സമാധാനിക്കു, വാഹനം അവിടേക്ക് എത്തുകയാണ് '' - മരണ ഭീതിയില്‍ വിളിച്ച പെണ്‍കുട്ടിയോട് അവര്‍ മറുപടി നല്‍കിയത് ഇങ്ങനെയാണ്. ഒരു മിനുട്ടും രണ്ടു മിനിട്ടും ഒരു മണിക്കൂറും കഴിഞ്ഞു. ആരും അലക്സാന്‍ഡ്രയുള്ളിടത്ത് എത്തിയില്ല. 19 മണിക്കൂറിന് ശേഷമാണ് കത്തിക്കരിഞ്ഞ മൃതദേഹത്തിനടുത്ത് പൊലീസ് എത്തിയത്. 

താന്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം കൈമാറിയിരുന്നുവെന്നും മൂന്ന് തവണ വിളിച്ചതില്‍ അവസാനത്തേതുള്‍പ്പെടെ രണ്ടു കോളുകള്‍ക്ക് താന്‍ മറുപടി നല്‍കിയെന്നും ഫോണ്‍ എടുത്ത പൊലീസ് ഓഫീസര്‍ ഫ്ളോറസ്കു പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എവിടെ നിന്നാണ് സന്ദേശമെത്തിയതെന്ന് പൊലീസിന് കണ്ടെത്താനായിരുന്നില്ല. പ്രദേശത്തെ മൂന്ന് വീടുകള്‍ കയറിയിറങ്ങിയാണ് ഒടുവില്‍ വീട് കണ്ടെത്തിയത്. അവിടെ കയറാനുള്ള സെര്‍ച്ച് വാറന്‍റ് കിട്ടാനും സമയമെടുത്തു. ഒടുവില്‍ വീട്ടില്‍ കയറിയ പൊലീസിന് കണ്ടെത്താനായത് രക്തക്കറയും എല്ലിന്‍ കഷണങ്ങളും മാത്രം. 

അലക്സാന്‍ഡ്രയുടേതെന്ന് സംശയിച്ച മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കി. ഫലം പുറത്തുവന്നതോടെ മകള്‍ മടങ്ങി വരുമെന്ന കുടുംബത്തിന്‍റെ അവസാന പ്രതീക്ഷയും വറ്റി. ആ കത്തിക്കരിഞ്ഞ മൃതദേഹം അവളുടേതുതന്നെയായിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്ന് ലഭിച്ച് രക്തക്കറയിലും എല്ലുകളിലും നടത്തിയ ടെസ്റ്റിലാണ് കൊല്ലപ്പെട്ടത് അലക്സാന്‍ഡ്ര  തന്നെയാണെന്ന് തെളിഞ്ഞത്. 

ജൂലൈ 24 നാണ് അലക്സാന്‍ഡ്രയെ കാണാതാകുന്നത്.  സംഭവത്തില്‍ 65കാരനായ ജോര്‍ജ് ഡിങ്കയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കൊന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വിവരവും പൊലീസിന് ലഭിച്ചു. ഏപ്രിലില്‍ കാണാതായ 18 വയസുകാരിയെയും കൊന്നത് താനാണെന്നും മെക്കാനിക്കായ ജോര്‍ജ് ഡിങ്ക പൊലീസിനോട് വെളിപ്പെത്തി.

'നിര്‍ഭയ'യ്ക്കായി റൊമാനിയ കത്തുന്നു

പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് ഫോണ്‍ സന്ദേശം പുറത്തുവിട്ടത്. ഇതോടെ പൊലീസിന്‍റെ അനാസ്ഥ പുറംലോകമറിഞ്ഞു. റൊമാനിയയിലെ ജനങ്ങള്‍ തെരുവിലിറങ്ങി പൊലീസിനെതിരെ പ്രതിഷേധിക്കുകയാണ്. പൊലീസിന്‍റെ അനാസ്ഥയില്‍ ജീവന്‍ പൊലിഞ്ഞ പെണ്‍കുട്ടിക്കായി അവര്‍ പ്ലക്കാര്‍ഡുകളുമായി ഒരുമിച്ചു. ഇതോടെ നിരവധി ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ചിലര്‍ രാജിവച്ചു. രാജ്യത്തിന്‍റെ ആഭ്യന്തരമന്ത്രി രാജിവച്ചു.

 ഇത്തരം നാടകീയ അന്ത്യത്തിലേക്ക് കാര്യങ്ങളെത്തിച്ചവരുടെ രാജി, പ്രസിഡന്‍റ് ക്ലോസ് ഇയോഹാനിസ് ആവശ്യപ്പെട്ടു. അപരിചിതന്‍ കാറുമായെത്തിയാല്‍ കയറരുതെന്ന പാഠം ഞാന്‍ പഠിച്ചു എന്ന് കമന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി എകതെറിന അന്‍ട്രൊനെസ്കുവിനെ പുറത്താക്കി. 

''പുറത്തിറങ്ങാന്‍ പോടിയാകുന്നു. ഇത്തരമൊരു സംഭവം ഞങ്ങള്‍ക്ക് തൊട്ടടുത്ത്, ഈ നഗരത്തിലുണ്ടാകുമെന്ന് കരുതിയില്ല. പൊലീസില്‍ ഒരു വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ കേസ് ആകെ തിരിഞ്ഞിരിക്കുകയാണ്.'' - പ്രതിഷേധകരും നാട്ടുകാരും പറഞ്ഞു.