ദില്ലി: മോഷണക്കുറ്റത്തിന് പതിനാറുകാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വടക്കന്‍ ദില്ലിയിലെ ആദര്‍ശ് നഗറിലാണ് വീട്ടില്‍ നിന്നും മോഷ്ടിച്ചതിന് ആണ്‍കുട്ടിയെ അയല്‍വാസികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രദേശവാസിയായ കുട്ടി പരിസരത്തെ ഒരു വീട്ടില്‍ കയറി മോഷ്ടിച്ചു. മോഷണത്തിനിടെ കയ്യോടെ പിടികൂടിയ കുട്ടിയെ അയല്‍വാസികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറ‍ഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വീട്ടുടമസ്ഥനടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷന്‍ 304 പ്രകാരമാണ് അറസ്റ്റ്.