ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നാല് വയസുകാരനെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മാസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബരേയ്ലിയിൽ ആണ് സംഭവം നടന്നത്.  പ്രേംപാൽ(26) എന്ന യുവാവിനെയാണ് ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

പ്രേം പാലിനെ ആക്രമിച്ച സംഘത്തിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈ 13നാണ് വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരനെ പ്രതി പിടിച്ച് കൊണ്ട് പോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കുട്ടിയെ പ്രേം പാലിനൊപ്പം കണ്ടതായി ബന്ധുക്കള്‍ വിവരം കിട്ടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗ്രാമത്തിന് പുറത്തെ ഒരു മരത്തില്‍ കെട്ടി തൂക്കിയ നിലയില്‍ കുട്ടിയുടെ മൃദേഹം കണ്ടെത്തുകയായിരുന്നു. 

പൊലീസ് കേസെടുതോടെ പ്രേം പാല്‍ ഒളിവില്‍ പോയി. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് പൊലീസ് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംഭവം നടന്ന് മാസങ്ങളായിട്ടും പ്രതിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പ്രേം പാലിനെ കുട്ടിയുടെ ബന്ധുക്കള്‍ കണ്ടെത്തിയത്. ഇവര്‍ പ്രതിയെ വടികളും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയിരുന്നു എന്ന്  പൊലീസ് അറിയിച്ചു. പൊലീസ് എത്തുന്നതിന് മുന്നേ പ്രേം പാലിന്‍റെ മരണം സംഭവിച്ചിരുന്നു.