കാന്‍പൂര്‍: മുന്‍ മിസ് അസമും മോഡലുമായ യുവതിയെ വ്യവസായ പ്രമുഖന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി 25 കാരിയായ മോഡലിനെ കാണ്‍പൂരിലേക്ക് ക്ഷണിച്ച് വരുത്തിയ ശേഷമായിരുന്നു പീഡനശ്രമം. ഞായറാഴ്ച രാത്രി പത്ത് മണിയോടെ പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്. 

കാന്‍പൂരിന് സമീപമുള്ള മന്ധന എന്ന സ്ഥലത്തെ പ്രമുഖ റിസോര്‍ട്ടായ ജംഗിള്‍ വാട്ടര്‍ വേള്‍ഡില്‍ വച്ച് നടന്ന രംഗ് ബര്‍സേ പൂള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു അസം സ്വദേശിയായ യുവതി. ഒരു ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനമാണ് യുവതിയെ പരിപാടിക്കായി ക്ഷണിച്ച് വരുത്തിയത്. ഹോളി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയതായിരുന്നു പരിപാടി. പരിപാടിക്ക് ശേഷം  കാന്‍പൂര്‍ കമ്മിഷണര്‍ ബംഗ്ലാവിന് തൊട്ടടുത്തുള്ള താമസ സ്ഥലത്തേക്ക് പോയ യുവതിയെ ഇയാള്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി. 

ഇയാളുടെ ബംഗ്ലാവില്‍ നിന്ന് സഹായത്തിനായി നിലവിളിച്ച യുവതിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ നാലുപേര്‍ ഇതിനോടകം അറസ്റ്റിലായി. പ്രധാന പ്രതിയായ അമിത് അഗര്‍വാളിന് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്. ഇയാളും മറ്റ് നാലുപേരും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി. എന്നാല്‍ പൊലീസുകാര്‍ കേസ് ഒതുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.