ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ പർവീണിന്‍റെ കേസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് അച്ഛൻ ദിൽഷാദ് കെ സലീം. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കി ഗർവണർ ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹം നിവേദനം നൽകി.
കൊച്ചി: ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ പർവീണിന്‍റെ കേസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് അച്ഛൻ ദിൽഷാദ് കെ സലീം. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കി ഗർവണർ ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹം നിവേദനം നൽകി. ഒന്നാം പ്രതി മോഫിയയുടെ ഭർത്താവ് സുഹൈൽ രണ്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.സുഹൈലിന്‍റെ സഹോദരനിലേക്കും,സഹോദരിയുടെ ഭർത്താവിലേക്കും കേസ് അന്വേഷണം നീളണമെന്നും ദിൽഷാദ് കെ സലീം ആവശ്യപ്പെട്ടു.
കേസിൽ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി, സുഹൈലിന്റെ അമ്മ റുഖിയ കേസിൽ രണ്ടാംപ്രതിയാണ് പിതാവ് യൂസഫ് മൂന്നാം പ്രതിയും. മോഫിയയെ സുഹൈൽ നിരന്തരം മർദ്ദിച്ചിരുന്നുവെന്നും ഈ മർദ്ദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. സുഹൈലിന്റെ അമ്മയും മൊഫിയയെ നിരന്തരം മർദ്ദിച്ചുവെന്നാണ് കുറ്റപത്രം. പിതാവ് യൂസഫ് മർദ്ദനത്തിന് കൂട്ടുനിന്നു. ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്.
ഇതര സംസ്ഥാന വീട്ടമ്മയുടെ കൊല: ഭർത്താവ് ഒളിവിൽ, ഇടപ്പള്ളയിൽ ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു
എറണാകുളം: പെരുമ്പാവൂരിൽ ഇതരസംസ്ഥാന വീട്ടമ്മ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ഒളിവിൽ. ഇടപ്പള്ളിയിലും കുടുംബവഴക്കിനെ തുടർന്ന് ജോലിസ്ഥലത്ത് നിന്ന് ഭാര്യയെ വിളിച്ചിറക്കി ഭർത്താവ് കുത്തിപരിക്കേൽപ്പിച്ചു. കേസിൽ ഭർത്താവ് ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂര്‍ കണ്ടന്തറയിലാണ് അസം സ്വദേശിനിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമ്പാവൂരിലെ ഫ്ലൈവുഡ് കമ്പനി തോഴിലാളിയായ ആസം സ്വദേശി ഫക്രൂദീന്‍റെ ഭാര്യ ഖാലിദാ ഖാത്തൂനാണ് മരിച്ചത്. ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകന്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഖാലിദയുടെ ഭര്‍ത്താവ് ഫക്രൂദീന്‍ ഒളിവിലാണ്. കൊല നടത്തിയത് ഇയാളാണോ എന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
കൊച്ചി ഇടപ്പള്ളിയിലാണ് മറ്റൊരു സംഭവമുണ്ടായത്. ഇടപ്പള്ളി ടോളിന് സമീപത്തെ തുണിക്കടയിലെ ജീവനക്കാരിയാണ് കോട്ടയം സ്വദേശി സജ്ന. ആദ്യഭർത്താവ് മരിച്ചതിനെ തുടർന്ന് എറണാകുളം സ്വദേശി ഷിബുവിനെ വിവാഹം കഴിച്ചു. പലവിധകാരണങ്ങളാൽ യോജിക്കാൻ കഴിയാത്തതിനാൽ സജ്ന ഷിബുവിന്‍റെ വീട്ടിൽ നിന്ന് ഇറങ്ങി വന്നു. എന്നാൽ വീട്ടിലേക്ക് തിരിച്ച് വരണം എന്നാവശ്യപ്പെട്ട് ഷിബു ജോലി ചെയ്യുന്ന കടയിലെത്തി.
സംസാരിക്കാനായി പുറത്ത് വന്നപ്പോഴാണ് കൈയ്യിലെ കത്തിയെടുത്ത് കുത്തിയത്. നാല് ഇടങ്ങളിലായാണ് സജ്നക്ക് കുത്തേറ്റത്.നെഞ്ചിന് കുത്തേറ്റെങ്കിലും സജ്ന അപകടനിലതരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് സജ്ന.സംഭവത്തിൽ കേസെടുത്ത പൊലീസ് ഷിബുവിനെ അറസ്റ്റ് ചെയ്തു.രണ്ടാം ഭാര്യയെ കുത്തിപരിക്കേൽപിച്ച കേസിലും ഇയാൾ പ്രതിയാണ്
