തിരുവനന്തപുരം: വെള്ളറടയിൽ പ്രായപൂർത്തി ആകാത്ത സഹോദരിമാരെ പീഡിപ്പിച്ചതിന് രണ്ട് പേർ അറസ്റ്റിലായി. പെൺകുട്ടികളുടെ ബന്ധുവായ എഴുപത്തി അഞ്ചുകാരനും മകനുമാണ് അറസ്റ്റിലായത്. വെള്ളറട പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

പതിനഞ്ച് വയസ്സിൽ താഴെയുള്ള  സഹോദരിമാരെയാണ് ബന്ധുക്കളായ എഴുപത്തിയഞ്ചുകാരനും നാൽപത്തിയഞ്ചുകാരൻ മകനും പീഡിപ്പിച്ചത്. പ്രതികളുടെ വീട്ടിൽ ഒരു ചടങ്ങിന് കുട്ടികൾ പോയപ്പോഴായിരുന്നു സംഭവം. പെൺകുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്ത് വന്നത്. 

ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ ഇതിന് മുമ്പും പ്രതികളിൽ നിന്ന് ശാരീരിക ഉപദ്രവമുണ്ടായിരുന്നതായി വ്യക്തമായി. ഇവർ പെൺകുട്ടികളുടെ വീട്ടിലും സ്ഥിരമായി എത്തിയിരുന്നു. ചൈൽഡ് ലൈൻ റിപ്പോർട്ടിനെ തുടർന്ന് ആദ്യം പാറശ്ശാല പൊലീസ് കേസെടുക്കുകയും പിന്നീട് വെള്ളറട പൊലിസിന് കൈമാറുകയുമായിരുന്നു.  പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്റ് ചെയ്തു.