അസ്വിദ് അന്‍സാര്‍ മുഹമ്മദ് എന്ന യുവാവിനാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ വെട്ടേറ്റത്. യുവാവ് സുഹൃത്തായ അശ്വിനി ഷാനുബാഗുവിനോടൊപ്പം ജോലി ആവശ്യാര്‍ത്ഥം ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു. 

മംഗളൂരു: യുവാവിനും യുവതിക്കും നേരെ സദാചാര പൊലീസ് ആക്രമണം നടത്തിയ സംഭവത്തില്‍ നാല് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മംഗളൂരുവിലാണ് സംഭവം. സ്വകാര്യ ബസില്‍ യുവാവും വനിതാ സുഹൃത്തും ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. അസ്വിദ് അന്‍സാര്‍ മുഹമ്മദ് എന്ന യുവാവിനാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ വെട്ടേറ്റത്. യുവാവ് സുഹൃത്തായ അശ്വിനി ഷാനുബാഗുവിനോടൊപ്പം ജോലി ആവശ്യാര്‍ത്ഥം ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു.

രാത്രി ഒമ്പതരയോടെ ബസ് തടഞ്ഞു നിര്‍ത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു. 23കാരിയായ യുവതിക്കും പരിക്കേറ്റു. ബാലചന്ദ്ര(28), ധനുഷ് ഭണ്ഡാരി, ജയപ്രശാന്ത്(27), അനില്‍കുമാര്‍(38) എന്നിവരാണ് അറസ്റ്റിലായതെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു. ഇതില്‍ ധനുഷിനെതിരെ നാല് കൊലപാതക കേസുണ്ട്. വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.