കോഴിക്കോട്: പയ്യോളിയിൽ അമ്മയേയും മകനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂരാട് ആലയാറിൽ പവിത്രന്‍റെ ഭാര്യ ലളിതയേയും മകൻ അരുണിനേയുമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ലളിതയേയും മകനേയും മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റുമാൻ ഏറെ നേരം വിളിച്ചിട്ടും ആരും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽ വീട്ടുകാരെത്തി വീടിനുള്ളിൽ പരിശോധന നടത്തി. കിടപ്പുമുറിയിൽ ലളിതയേയും നടുമുറിയിൽ ഇളയമകൻ അരുണിനേയും തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 

ഉടൻ ഇരുവരേയും വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാൻസർ രോഗിയാണ് ലളിത. ലളിതയുടെ മാനസികാസ്വാസ്ത്യമുള്ള മൂത്തമകൻ ഇടക്കിടെ വീട് വിട്ട് പോകാറുണ്ട്. ഇയാൾ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു സംഭവം.  പയ്യോളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.