നോയ്‌ഡ: വീട്ടിലെ ധാന്യപ്പുരയിൽ നിന്ന് എട്ട് മാസം പ്രായമായ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 24കാരിയായ അമ്മ ഹേമ പിടിയിൽ. യുപിയിലെ ജേവാറിലെ ഗോപാൽഗഡ് ഗ്രാമത്തിലാണ് സംഭവം.

ധാന്യപ്പുരയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി ആഗസ്റ്റ് 11 ന് ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു.

ആഗസ്റ്റ് 11 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ കുഞ്ഞിന്റെ അച്ഛൻ രോഹ്തേഷ്, ഭാര്യ ഹേമ കരയുന്നതാണ് കണ്ടത്. ആരോ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് ഇവർ പറഞ്ഞു. ഗ്രാമത്തിലെ ഒരു ചടങ്ങിൽ സംബന്ധിക്കാൻ കുടുംബത്തിലെ മറ്റ് അംഗങ്ങൾ പോയ സമയത്തായിരുന്നു ഇച്.

കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ 8.30 യ്ക്ക് ധാന്യപ്പുരയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. കുടുംബാംഗങ്ങളെ എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലിനിടെ അമ്മ ഹേമ പൊട്ടിക്കരഞ്ഞു. കുഞ്ഞ് ഊഞ്ഞാലിൽ ആടുന്നതിനിടെ താഴെ വീണ് മരിച്ചതായിരുന്നു. കുടുംബാംഗങ്ങൾ തന്നെ വഴക്കുപറയുമെന്ന് ഭയന്ന് കുഞ്ഞിനെ ബാഗിലാക്കി ധാന്യപ്പുരയിൽ ഒളിപ്പിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മരണകാരണം വ്യക്തമാകുന്നത് വരെ അറസ്റ്റ് രേഖപ്പെടുത്തില്ല. യുവതി കസ്റ്റഡിയിലാണെന്ന് പൊലീസ് അറിയിച്ചു.