മുംബൈ: നെടുങ്കണ്ടം മോഡൽ കസ്റ്റഡി കൊലപാതകത്തെ കുറിച്ച് 30 വർഷങ്ങൾക്ക് ശേഷം വീമ്പിളക്കിയ ഡിസിപി കുടുങ്ങി. താൻ സിഐ ആയിരുന്ന കാലത്ത് നടത്തിയ കസ്റ്റഡി കൊലപാതകത്തെ കുറിച്ച് ഭീംറാവു സോനവാനെയാണ് സിസിടിവിയിൽ കുടുങ്ങിയത്.

രാജേന്ദ്ര തക്കാർ എന്ന ബിസിനസുകാരനാണ് മുംബൈ പൊലീസിന് ഈ വീഡിയോ ക്ലിപ്പ് കൈമാറിയത്. സോനവാനെയുടെ ബന്ധുവാണ് ഇയാളെന്നാണ് വിവരം. ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് വീഡിയോ ദൃശ്യം പൊലീസിന്റെ പക്കലെത്തിയത്.

മുംബൈയിലെ വോർലി പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറി. 1990 ൽ നടന്ന സംഭവത്തിലാണ് സോനവാനെ കുടുങ്ങിയിരിക്കുന്നത്. സോനവാനെയ്ക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ട് രാജേന്ദ്ര തക്കാർ മുംബൈ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

വോർലി പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായിരുന്നു സോനവാനെ. പറഞ്ഞ കാര്യങ്ങളിൽ യാഥാർത്ഥ്യമില്ലെന്നും താൻ വീമ്പുപറഞ്ഞതാണെന്നുമാണ് സോനവാനെയുടെ വാദം.

രാജേന്ദ്ര തക്കാറിന്റെ ഓഫീസ് മുറിയിലെ സിസിടിവി ദൃശ്യമാണ് പൊലീസിന് കൈമാറിയിരിക്കുന്നത്. 1990 മെയ് ഒന്നിന് രട്ടു ഗോസാവി എന്നയാളെ അറസ്റ്റ് ചെയ്തതും തുടർന്നുണ്ടായ സംഭവങ്ങളും ഈ വീഡിയോയിൽ സോനവാനെ വിവരിക്കുന്നുണ്ട്. "രട്ടു ഗോസാവി വോർലി സ്വദേശിയായിരുന്നു. അവനെതിരെ 27 കേസുകളാണ് ഉണ്ടായിരുന്നത്. അവനെ കുറച്ച് കാലമായി ഞങ്ങൾ തിരഞ്ഞുനടക്കുകയായിരുന്നു... കൈയ്യിൽ കിട്ടിയപ്പോൾ അവന്റെ വൃഷണസഞ്ചിക്കൊരു ചവിട്ട് കൊടുത്തു. എപ്പോൾ ആരെ അറസ്റ്റ് ചെയ്താലും ഞാനവനെ പട്ടിയെ തല്ലുന്നത് പോലെ തല്ലാറുണ്ട്. പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകുന്നതിന് മുൻപ് തന്നെ അടിച്ച് എല്ലൊടിക്കും," സോനവാനെ വീഡിയോയിൽ പറയുന്നു.

ഗോസാവി മരിച്ചതായി എസിപിയാണ് തന്നോട് പറഞ്ഞതെന്നും ഇതിനിടയിൽ സോനവാനെ പറയുന്നുണ്ട്. "അവരവനെ വലിച്ചുകൊണ്ട് എന്നെ മുന്നിലെത്തിച്ചു. രണ്ട് പേർ കൈകളും രണ്ട് പേർ കാലുകളും തൂക്കിപ്പിടിച്ചിരുന്നു. എസിപി എന്നോട് അവന്റെ കണ്ണുകൾ പരിശോധിക്കാൻ പറഞ്ഞു.... അവൻ മരിച്ചിരുന്നു... ഒരു മണിക്കൂർ മുൻപവൻ ജീവനോടെ ഉണ്ടായിരുന്നു... എങ്ങനെയാണ് അവൻ മരിച്ചത്?" സോനവാനെ ചോദിക്കുന്നു.

"അവൻ പൊലീസ് കസ്റ്റഡിയിലല്ല, ആശുപത്രിയിലാണ് മരിച്ചതെന്ന് വരുത്തിത്തീർക്കണമായിരുന്നു. അതുകൊണ്ട് ഞങ്ങളവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

"പൊലീസ് സ്റ്റേഷന് മുന്നിൽ അപ്പോൾ 500 ഓളം പേരുണ്ടായിരുന്നു. മൃതദേഹം ഇവർക്ക് സംശയം ഇല്ലാത്ത വിധത്തിൽ പുറത്തേക്ക് കൊണ്ടുപോകാൻ രണ്ട് പൊലീസുകാരെ ഞാൻ പരിശീലിപ്പിച്ചു. അയാൾക്ക് ജീവനുണ്ടെന്ന് തോന്നിപ്പിക്കാൻ രണ്ട് കൈകളിലും വിലങ്ങണിയിച്ചു. ഗോസാവി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി സ്വയം പരിക്കേൽപ്പിച്ചെന്നും അയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണെന്നും ഞാൻ ജനങ്ങളോട് പറഞ്ഞു", സോനാവാനെ പറയുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം.

കെഇഎം ആശുപത്രിയിലെത്തിച്ച പ്രതി മരിച്ചതാണെന്നും ഐസിയുവിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് ഡോക്ടർ നിലപാടെടുത്തെന്നും സോനാവാനെ പറയുന്നുണ്ട്. പിന്നീട് പൊലീസ് സർജനെ കൊണ്ട് സമ്മർദ്ദം ചെലുത്തി ഗോസാവിയെ ജെജെ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹം പറഞ്ഞത്.

ഇതിന് ശേഷം സ്റ്റേഷനിലേക്ക് വിളിച്ച് തന്റെ മേശവലിപ്പിൽ നിന്നും ഒരു റിവോൾവർ എടുത്ത് അത് ഗോസാവിയുടേതാണെന്ന് രേഖപ്പെടുത്താൻ സോനവാനെ കോൺസ്റ്റബിളിന് നിർദ്ദേശം നൽകി. ഈ തോക്കുപയോഗിച്ച് കോൺസ്റ്റബിളിന് നേരെ ഗോസാവി വെടിയുതിർത്തെന്നും പിന്നീട് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയെന്നും എന്നാൽ അദ്ദേഹത്തിന്റെ രഹസ്യഭാഗങ്ങൾ നിലത്തുണ്ടായിരുന്ന കല്ലിലിടിച്ച് വൃഷണം തകർന്നുവെന്നും എഫ്ഐആറിൽ എഴുതാൻ നിർദ്ദേശം നൽകിയെന്നും സോനവാനെ പറയുന്നു.

രഹത് പാലസ് ഹോട്ടലിൽ വച്ച് തന്റെ പൊലീസ് ഡയറി മറ്റ് പൊലീസുകാരുടെ സാന്നിധ്യത്തിൽ വീണ്ടും മറ്റൊരു ഡയറിയിലേക്ക് പകർത്തിയെഴുതിയെന്നും മുതിർന്ന ഉദ്യോഗസ്ഥൻ ഇതിൽ ഒപ്പുവച്ചുവെന്നും ഇദ്ദേഹം പറയുന്നുണ്ട്. മൂന്ന് ദിവസത്തോളം എടുത്താണ് കസ്റ്റഡി മരണ കേസ് ആത്മഹത്യയാക്കി മാറ്റിയതെന്നാണ് ഇദ്ദേഹം പറയുന്നത്. 

വീഡിയോ ദൃശ്യം പൊലീസിന് കൈമാറിയ തക്കാറിന്റെ പേരിൽ നാല് കേസുകൾ മലാഡ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തക്കാറിന്റെ ഭാര്യാ സഹോദരനെ വിവാഹം ചെയ്ത സോനവാനെയുടെ മകളാണ് പരാതിക്കാരി. പണം തട്ടിയെന്നാണ് ഇവർക്കെതിരെ നൽകിയിരിക്കുന്ന കേസ്.

ജൂലൈ നാലിനാണ് തക്കാർ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയത്. ഈ കേസ് പുനരന്വേഷിക്കുകയാണെന്നാണ് വിവരം. കസ്റ്റഡി കൊലപാതക കേസ് മറച്ചുവയ്ക്കാനാണ് തനിക്കെതിരെ സോനവാനെ നാല് കേസുകൾ നൽകിയിരിക്കുന്നതെന്നാണ് തക്കാറിന്റെ വാദം. കേസ് തെളിയിക്കാൻ വീഡിയോ കൊണ്ട് മാത്രം സാധിക്കില്ലെന്ന് ഡിസിപി അഭിനാഷ് കുമാർ പറഞ്ഞു. അതേസമയം ഗോസാവിയുടെ കുടുംബവും കേസ് പുനരന്വേഷിക്കണം എന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. ഗോസാവിയെ അറസ്റ്റ് ചെയ്ത ദിവസം മൃഗീയമായാണ് പൊലീസ് അദ്ദേഹത്തെ മർദ്ദിച്ചതെന്ന് ഗോസാവിയുടെ ബന്ധുവായ ശശികാന്ത് ദൽവി പറഞ്ഞു.