ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍, സംശയാസ്പദമായ ചില ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംശയം തോന്നിയത്.

മുംബൈ: പ്രമുഖ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ സീനിയര്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജറായ യുവതി അറസ്റ്റില്‍. മുംബൈ ആസ്ഥാനമായുള്ള ഗാര്‍മെന്റ് ബിസിനസ് കമ്പനിയുടെ എച്ച്ആര്‍ മാനേജറായ രജനി ശര്‍മ്മയെയാണ് വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ ഉടമയായ വ്യവസായി മെഹുല്‍ സാംഘവിയുടെ പരാതിയിലാണ് അറസ്റ്റ്. 

സംഭവത്തെ കുറിപ്പ് പൊലീസ് പറയുന്നത് ഇങ്ങനെ: ''കൊവിഡ് മഹാമാരി കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനത്തിന് കമ്പനിയുടെ അംഗീകാരം ലഭിച്ച വ്യക്തിയാണ് രജനി ശര്‍മ്മ. കൊവിഡ് സമയത്ത് കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും ജോലി ഉപേക്ഷിച്ച് പോയിരുന്നു. അന്ന് മുതല്‍ രജനിയാണ് അക്കൗണ്ട്‌സ് മുതല്‍ എച്ച്ആര്‍ ജോലി വരെ നോക്കിയത്. ഏറ്റവും വിശ്വസ്ത ജീവനക്കാരിയെന്ന പേരും രജനി നേടിയെടുത്തു. ശരിയായ തീരുമാനമെടുക്കാന്‍ സാധിക്കുന്ന ജീവനക്കാരി, കമ്പനിയിലെ മറ്റാരെക്കാളും രജനിയെ വിശ്വസിക്കുന്നുവെന്ന് ഉടമയായ മെഹുല്‍ സാംഘവിയും അഭിപ്രായപ്പെട്ടു.''

''അന്ധമായി വിശ്വസിച്ചതോടെ തന്റെ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും പാസ്‌വേഡുകളും മെഹുല്‍ രജനിക്ക് കൈമാറി. ഒടിപി ലഭിക്കുന്നതിനും ഇടപാടുകള്‍ നടത്താനുമായി ഇമെയില്‍ വിവരങ്ങളും മെഹുല്‍ പങ്കുവച്ചു. തന്റെ അഭാവത്തില്‍ രജനിക്ക് കാര്യങ്ങള്‍ നോക്കാന്‍ എളുപ്പമാകുമെന്ന് പറഞ്ഞാണ് മെഹുല്‍ പാസ്‌വേഡ് വരെ പങ്കുവച്ചത്. സെപ്തംബറില്‍, ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍, സംശയാസ്പദമായ ചില ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംശയം തോന്നിയത്. തുടര്‍ന്ന് ഇടപാടുകള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ 31 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. നവി മുംബൈയില്‍ രജനിയുടെയും അമ്മയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്നും വ്യക്തമായി. തുടര്‍ന്നാണ് രജനിക്കെതിരെ മെഹുല്‍ പരാതി നല്‍കിയത്.''

തിങ്കളാഴ്ചയാണ് രജനിയെ അറസ്റ്റ് ചെയ്തത്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും രജനി കൂടുതല്‍ തുക തട്ടിയെടുത്തതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

നവകേരള സദസ്: ലഭിച്ച പരാതികള്‍ ഉപേക്ഷിച്ച നിലയിലെന്ന പ്രചരണം, എന്താണ് വസ്തുത?

YouTube video player