മുംബൈ: സീനിയേഴ്സിന്റെ ജാതിയുടെ പേരിലുള്ള അധിക്ഷേപത്തിൽ മനംനൊന്ത് വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. മുംബൈ സെൻട്രലിലെ ബിവൈഎൽ നായർ ആശുപത്രിയിലെ ഹോസ്റ്റലിലാണ് സംഭവം. പാൽ സൽമാൻ തദ്വി(26) എന്ന ​ഡോക്ടറാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ തദ്വിയുടെ സഹപ്രവർത്തകർ കൂടിയായ ഹേമ അഹൂജ, ഭക്തി മെയെർ, അങ്കിത ഖണ്ഡൽവാൽ എന്നീ ഡോക്ടന്മാർക്കെതിരെ പൊലീസ് കേസെടുത്തു.

ബിവൈഎൽ നായർ ആശുപത്രിയിലെ ജീവനക്കാരാണ് നാല് പേരും. ബുധനാഴ്ച രാത്രിയാണ് തദ്വി ആത്മഹത്യ ചെയ്തത്. ജാതിയുടെ പേരിൽ മൂവർസംഘം നിരന്തരം തദ്വിയെ അപമാനിക്കുകയും മനസ്സിനെ മുറിപ്പെടുത്തുന്ന കാര്യങ്ങൾ പറയുകയും ചെയ്യുമായിരുന്നു. വിദ്യാർത്ഥികളുടെ വാട്സാപ്പ്  ഗ്രൂപ്പുകളിലും തദ്വിയെ അപകീർത്തിപ്പെടുത്താൻ ഇവർ ശ്രമിച്ചു. ഇതിൽ മനംനൊന്താണ് തദ്വി ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. 

അതേസമയം തദ്വിയുടെ വീട്ടുകാരിൽ നിന്നും യാതൊരു വിധ പരാതിയും ലഭ്യച്ചിട്ടില്ലെന്ന് ആശുപത്രിയിലെ സീനിയർ ഡോക്ടർ അറിയിച്ചു. ​ഗൈനക്കോളജിയിൽ പോസ്റ്റ് ​ഗ്രാജുവേഷൻ കോഴ്സ് പഠിച്ചുകൊണ്ടിരിക്കെയാണ് പാൽ സൽമാൻ തദ്വി അത്മഹത്യ ചെയ്യുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു.