സിസി ടിവി പരിശോധിച്ചതില്‍ നിന്നാണ് മുഖം മറച്ച് വന്നയാള്‍ ഓട്ടോറിക്ഷ കടത്തി കൊണ്ടു പോയതായി കണ്ടെത്തിയത്.
ഇടുക്കി: മൂന്നാറില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കാന്തല്ലൂര്‍ കീഴാന്തൂര്‍ സ്വദേശി മധുസൂദനനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാര്‍ ന്യൂ കോളനി സ്വദേശി എ നേശമണിയുടെ ഓട്ടോയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മധുസൂദനന്‍ മോഷ്ടിച്ചത്. ഇക്കാനഗറിലെ സ്വകാര്യ റിസോര്‍ട്ടിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയാണ് മോഷ്ടിച്ചത്.
റിസോര്‍ട്ടിലെ സിസി ടിവി പരിശോധിച്ചതില്‍ നിന്നാണ് മുഖം മറച്ച് വന്നയാള്‍ ഓട്ടോറിക്ഷ കടത്തി കൊണ്ടു പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് നേശമണി മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തമിഴ്‌നാട് പഴനിയില്‍ നിന്നും പിടികൂടിയത്. മോഷണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയതായി സിഐ രാജന്‍ കെ അരമന പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്നാര്‍ എസ്‌ഐ അജേഷ് കെ ജോണ്‍, സുധീര്‍ മണികണ്ഠന്‍, ഷിജോ അനന്ദു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കോളനി ഭാഗത്ത് നിന്നും സമാന രീതിയില്‍ രണ്ട് ബൈക്കുകളും ആഡംബര കാറും ഓട്ടോറിക്ഷയും മോഷണം പോയിരുന്നു. ഈ സംഭവങ്ങളില്‍ പ്രതികളെ കണ്ടെത്താനോ, വാഹനങ്ങള്‍ കണ്ടെത്താനോ ഒരു വര്‍ഷമായിട്ടും പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
ഓണക്കാലത്ത് വില്‍ക്കാന്‍ വാറ്റ് ചാരായ നിര്‍മാണം; 73കാരന്‍ പിടിയില്‍
തിരുവനന്തപുരം: ഓണക്കാലത്ത് വില്‍ക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന വാറ്റു ചാരായവുമായി 73കാരന്‍ അറസ്റ്റില്‍. കൂന്തള്ളൂര്‍ പനയറ കണ്ണോട്ട് വിളാകം വീട്ടില്‍ ശശിധരന്‍(73) ആണ് പിടിയിലായത്. നാലര ലിറ്റര്‍ ചാരായവും 20 ലിറ്റര്‍ വാഷും 75 ലിറ്റര്‍ കോടയുമാണ് ചിറയിന്‍കീഴ് പൊലീസ് ശശിധരന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും പിടികൂടി. കോട പൊലീസ് നശിപ്പിച്ചു. വാഷും ചാരായവും കോടതിയില്‍ ഹാജരാക്കും. രണ്ടു വര്‍ഷം മുന്‍പും ഇയാളുടെ വീട്ടില്‍ നിന്ന് വാറ്റു ചാരായം പിടികൂടിയതിന് എക്‌സൈസ് കേസെടുത്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിറയിന്‍കീഴ് ഇന്‍സ്പെക്ടര്‍ കണ്ണന്‍ കെ, സബ് ഇന്‍സ്പെക്ടര്‍മാരായ സുമേഷ് ലാല്‍, അനൂപ് എം എല്‍, അരുണ്‍ കുമാര്‍ കെ ആര്‍, മനോഹര്‍ ജി, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ സജീഷ്, ഷജീര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. ഓണത്തിനോടനുബന്ധിച്ച് അമിതലാഭം ലക്ഷ്യമാക്കി വില്‍പ്പന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
പേട്ട പൊലീസ് സ്റ്റേഷനിലെ സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകരെ സംരക്ഷിച്ച് അന്വേഷണ റിപ്പോർട്ട് നൽകാൻ നീക്കം

