കാരയ്ക്കാമണ്ഡപം റഫീക്ക് കൊലക്കേസ് കേസിലെ പ്രതികളിലൊരാളുടെ ബന്ധുവായ മുഹമ്മദാണ് അഭിഭാഷകനെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയത്.
തിരുവനന്തപുരം: കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതിന് പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടർക്ക് വധഭീഷണി. കാരയ്ക്കാമണ്ഡപം റഫീക്ക് കൊലക്കേസ് കേസിലെ പ്രതികളിലൊരാളുടെ ബന്ധുവായ മുഹമ്മദാണ് അഭിഭാഷകനെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയത്. ഇയാളെ ഫോർട്ട് പൊലീസ് കസ്റ്റഡിലെടുത്തു. റഫീക് വധ കേസിലെ 11 പ്രതികളെയും കഴിഞ്ഞ ദിവസം ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പബ്ലിക് പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തിയത്.
കാരയ്ക്കാ മണ്ഡപം റഫീഖ് വധക്കേസ്: ഏഴ് പ്രതികൾക്കും ജീവപര്യന്തം തടവും 7 ലക്ഷം പിഴയും ശിക്ഷ
തിരുവനന്തപുരം കാരയ്ക്കാ മണ്ഡപം റഫീഖ് വധക്കേസിൽ ഏഴു പ്രതികൾക്കും ജീവപര്യന്തം കഠിന തടവും ഏഴുലക്ഷം രൂപ പിഴയും ശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കാരയ്ക്കാമണ്ഡപം സ്വദേശികളായ അൻസക്കീർ, നൗഫൽ, ആരിഫ്, മാലിക്, ആഷർ, ആഷിഖ്, റഹ്മാൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി അൻസക്കീറിന്‍റെ വസ്ത്രത്തിലുണ്ടായിരുന്ന രക്തം റഖീഖിന്‍റേതാണെന്ന് പരിശോധനയിൽ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. 47 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 54 രേഖകളും 26 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.
2016 ഒക്ബോബറിൽ കാരയ്ക്കാമണ്ഡപം വെള്ളായണി ദേശീയപാതയിൽ തുലവിളയിൽ വച്ചാണ് 24 വയസുകാരനായ റഫീഖ് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാംപ്രതി അൻസക്കീറിന്‍റെ അമ്മാവനെ നേരത്തെ റഫീഖ് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതേ തുടർന്നുള്ള വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളെ ഹജരാക്കിയപ്പോൾ സുഹൃത്തുക്കൾ കോടതിക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. റഫീഖിന്‍റെ ബന്ധുക്കളുമായി കയ്യേറ്റവുമുണ്ടായി. സംഘർഷം നിയന്ത്രിക്കുന്നതിനിടെ പൊലീസുമായും സംഘം ഏറ്റുമുട്ടി. ഇതേ തുടർന്ന് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘമെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
