ഒരു സ്ത്രീയും യുവാവും ബൈക്കിലെത്തി തമിഴ്‍‍നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിലേക്ക് ഒരു ചാക്ക് എറിയുന്നത് നാട്ടുകാർ കണ്ടിരുന്നു. ചോദിച്ചപ്പോൾ പൂജ കഴിഞ്ഞ് ബാക്കി വന്ന വസ്തുക്കളാണെന്നാണ് പറഞ്ഞത്. 

കമ്പം: കേരള - തമിഴ്‍നാട് അതിർത്തിയായ കമ്പത്ത് യുവാവിനെ കൊന്നു തലയും കൈകാലുകളും അറുത്ത് വിവിധ ഇടങ്ങളിൽ തള്ളിയ സംഭവത്തിൽ അമ്മയും സഹോദരനും അറസ്റ്റിൽ. കൊല്ലപ്പെട്ട വിഘ്‍നേശ്വരന്‍റെ അമ്മ സെൽവി, ഇളയ സഹോദരൻ ജയഭാരത് എന്നിരാണ് അറസ്റ്റിലായത്. മകന്‍റെ അമിത ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും മെഷീൻ വാളുപയോഗിച്ച് മൃതദേഹം പല കഷ്ണങ്ങളാക്കിയാണ് ഉപേക്ഷിച്ചതെന്നും അമ്മ സെൽവി പൊലീസിന് മൊഴി നൽകി.

മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‍നാട് വെള്ളം കൊണ്ടുപോകുന്ന കനാലിൽ നിന്ന് ഞായറാഴ്ച രാത്രിയാണ് തലയും കൈകാലുകളുമില്ലാത്ത മൃതദേഹം കണ്ടെത്തിയത്. ബൈക്കിലെത്തിയ ഒരു യുവാവും സ്ത്രീയും ചാക്ക് കനാലിലേക്ക് തള്ളുന്നത് മീൻപിടുത്തക്കാർ കണ്ടിരുന്നു. ചോദ്യം ചെയ്തപ്പോൾ പൂജ നടത്തിയതിന് ശേഷം ബാക്കി വന്ന സാധനങ്ങളെന്നാണ് പറഞ്ഞ മറുപടി. 

ചോദ്യം ഉയർന്നതിന് പിന്നാലെ സ്ത്രീയും യുവാവും പെട്ടെന്ന് തന്നെ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. സംശയം തോന്നിയ മീൻ പിടുത്തക്കാർ ചാക്ക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്‍റെ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് കമ്പം സ്വദേശി വിഘ്നേശ്വരനാണെന്നും, മൃതദേഹം കനാലിൽ കൊണ്ടു തള്ളിയത് സ്വന്തം അമ്മയും സഹോദരനുമാണെന്ന് ബോധ്യപ്പെട്ടു. ഇതോടെ പ്രതികളെ തെരഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും ഇരുവരും അവിടെയുണ്ടായിരുന്നില്ല.

തുടർന്ന് കമ്പം പൊലീസിന്‍റെ ഒന്നര ദിവസം നീണ്ട തെരച്ചിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. വിഘ്‍നേശ്വരന്‍റെ അമിത ലഹരി ഉപയോഗത്തെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണ് അമ്മയുടെയും സഹോദരന്‍റെയും കുറ്റസമ്മത മൊഴി. അമിതമായി ലഹരി ഉപയോഗിക്കുമായിരുന്ന മകൻ തന്നെയും രണ്ടാമത്തെ മകനെയും ഉപദ്രവിക്കുമായിരുന്നെന്നും അമ്മ മൊഴി നൽകി. 

കൊലപാതകം നടത്തിയതെങ്ങനെയെന്നും, എങ്ങനെയാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും വിശദമായി പൊലീസിനോട് ഇരുവരും തുറന്ന് പറഞ്ഞു. കൊലയ്ക്ക് ശേഷം തലയും കൈകാലുകളും മെഷീൻ വാളുപയോഗിച്ച് അറുത്ത് മാറ്റി. ഉടൽ കനാലിലും, തലയും കൈകാലുകളും വീടിനടുത്തെ കിണറ്റിലുമായി തള്ളുകയായിരുന്നു. പ്രതികളുടെ മൊഴിയനുസരിച്ച് പൊലീസ് കനാലിലും കിണറ്റിലും ആളുകളെ ഉപയോഗിച്ച് വിശദമായ തെരച്ചിൽ നടത്തി. തുടർന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ രണ്ടിടത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രതികൾ പറഞ്ഞത് മാത്രമല്ലാതെ, കൊലയ്ക്ക് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.