ലക്നൗ: ഉത്തര്‍പ്രദേശില്‍ ജയ് ശ്രീ റാം വിളിക്കാന്‍ വിസ്സമ്മതിച്ച 15 കാരനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ചന്ദൗലി ജില്ലയിലാണ് നാല് പേര്‍ ചേര്‍ന്ന് ബാലനെ തീ കൊളുത്തിയത്. 60 ശതമാനം പൊള്ളലേറ്റ ബാലന്‍റെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.നാല് പേര്‍ തന്നോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടെന്നും നിരസിച്ചപ്പോള്‍ മര്‍ദ്ദിച്ച് തീ കൊളുത്തിയെന്നും കുട്ടി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ബാലന്‍ സ്വയം തീ കൊളുത്തിയതാണെന്നാണ് പൊലീസ് വാദം. പരസ്പര വിരുദ്ധമായ മൊഴിയാണ് കുട്ടി നല്‍കുന്നതെന്നും പൊലീസ് പറയുന്നു. ജയ് ശ്രീറാം വിളിക്കാത്തതിന് തീ കൊളുത്തിയെന്ന് കുട്ടിയുടെ മൊഴി തെറ്റാണെന്ന് ചന്ദൗലി എസ്പി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കുട്ടി പറയുന്നത്. മൊഴിയനുസരിച്ച് പറയുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് പേര്‍ തട്ടിക്കൊണ്ടുപോയാണ് തന്നെ ആക്രമിച്ചതെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്.