ചന്ദൗലി: യുപിയിലെ ചന്ദൗലിയിൽ 'ജയ് ശ്രീറാം' എന്ന് വിളിക്കാത്തതിൽ ഒരു സംഘം അക്രമികൾ തീ കൊളുത്തിയ മുസ്ലിം ബാലൻ മരിച്ചു. പതിനേഴുകാരനായ ഖാലിദാണ് മരിച്ചത്. ദേഹത്ത് അറുപത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ഖാലിദ്. 

പതിനേഴുകാരനായ ഖാലിദിന്‍റെ ദേഹത്ത് തീ കൊളുത്തിയത് നാലംഗ സംഘമാണെന്നും, 'ജയ് ശ്രീറാം' എന്ന് വിളിക്കാൻ വിസമ്മതിച്ചതിനാണ് ആക്രമിച്ചതെന്നും കുടുംബം ആരോപിച്ചു. എന്നാൽ ഉത്തർപ്രദേശ് പൊലീസ് ഈ വാദം നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുകയാണ്. മരിച്ച ഖാലിദ് ആശുപത്രിയിലെത്തിച്ച ശേഷം നൽകിയ മൊഴികൾ പരസ്പര വിരുദ്ധമാണെന്നാണ് പൊലീസിന്‍റെ വാദം.

ചന്ദൗലി എസ്‍പി സന്തോഷ് കുമാർ സിംഗ് പറയുന്നത്, ഖാലിദ് സ്വയം തീ കൊളുത്തുന്നത് കണ്ട ദൃക്സാക്ഷികളുണ്ടെന്നാണ്. ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് എത്തിച്ചപ്പോഴും പിന്നീട് മെഡിക്കൽ കോളേജിലെത്തിയപ്പോഴും ഖാലിദ് നൽകിയത് വെവ്വേറെ മൊഴികളാണെന്ന് എസ്‍പി പറയുന്നു. 

മഹാരാജ്‍പൂർ ഗ്രാമത്തിലേക്ക് പോയപ്പോൾ നാല് പേർ തടഞ്ഞു നിർത്തി, വയലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി 'ജയ് ശ്രീറാം' എന്ന് വിളിക്കാൻ ആവശ്യപ്പെട്ടെന്നായിരുന്നു ഖാലിദ് ആദ്യം നൽകിയ മൊഴിയെന്നാണ് പൊലീസ് പറയുന്നത്. അത് അനുസരിക്കാതിരുന്നപ്പോൾ മർദ്ദിച്ചെന്നും പിന്നീട് തീ കൊളുത്തുകയായിരുന്നെന്നും ആദ്യം നൽകിയ മൊഴിയിലുണ്ട്. 

എന്നാൽ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ഖാലിദ് മൊഴി മാറ്റിയെന്നാണ് പൊലീസ് പറയുന്നത്. നാല് പേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും, ഹതീജ ഗ്രാമത്തിലേക്കാണ് കൊണ്ടുപോയതെന്നുമാണ് രണ്ടാം മൊഴിയിലുള്ളതെന്ന് പൊലീസ് പറയുന്നു. മഹാരാജ്‍പൂർ ഗ്രാമവും ഹതീജ ഗ്രാമവും രണ്ടും രണ്ട് ഭാഗങ്ങളിലാണ്. എന്നാൽ രണ്ടാം മൊഴിയിൽ 'ജയ് ശ്രീറാം' എന്ന് വിളിക്കാതിരുന്നതിനാണ് തീ കൊളുത്തിയതെന്ന മൊഴിയിൽ ഖാലിദ് ഉറച്ചു നിന്നോ എന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. വിരുദ്ധമായ മൊഴിയായതിനാൽ ഇത് അംഗീകരിക്കാനാകില്ലെന്നാണ് പൊലീസിന്‍റെ വാദം.