ഗോദ്ര: ജയ് ശ്രീറാം വിളിക്കാത്തതിനെ തുടര്‍ന്ന് മുസ്ലീം യുവാക്കളെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ ഗോദ്രയിലാണ് ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച മൂന്ന് മുസ്ലീം യുവാക്കളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

റോഡിലൂടെ നടന്നുപോകുന്നതിനിടെ ആറുപേരടങ്ങുന്ന സംഘം തടഞ്ഞുനിര്‍ത്തി ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചപ്പോള്‍  മര്‍ദ്ദിക്കുകയുമായിരുന്നെന്ന് യുവാക്കള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പിന്നീട് അക്രമികളില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി 324 വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് സാധാരണ അടിപിടി കേസ് മാത്രമാണെന്നും മര്‍ദ്ദനത്തിന് മുമ്പ് മറ്റ് വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായതായി വീഡിയോയില്‍ ഇല്ലെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.