ഭറൂച്ച്(ഗുജറാത്ത്): ഗുജറാത്തിലെ ഭറൂച്ചില്‍ ആദിവാസി പെണ്‍കുട്ടിയുമായി പ്രണയത്തിലായതിന്‍റെ പേരില്‍ മുസ്ലിം യുവാവിനെ തല്ലിക്കൊന്നതായി പരാതി. 17കാരനായ ഫൈസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേരെ പിടികൂടിയതായി അങ്കലേശ്വര്‍ എസ്പി എല്‍എ ഝാ പറഞ്ഞു.ജൂലായ് 24നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

അങ്കലേശ്വര്‍ എന്ന സ്ഥലത്തേക്ക് സുഹൃത്തുക്കളോടൊപ്പം പോയ യുവാവിനെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഫൈസിന്‍റെ പിതാവ് മുഹമ്മദ് സുല്‍ത്താന്‍ അബ്ദുല്‍ റഹിം ഖുറേഷി പറഞ്ഞു. പരിക്കേറ്റ മകന്‍ ഫോണ്‍ ചെയ്ത് അങ്കലേശ്വറില്‍ എത്താന്‍ പറഞ്ഞു. എത്തിയപ്പോള്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. മര്‍ദ്ദനത്തില്‍ കരള്‍ വരെ തകര്‍ന്നിരുന്നു. എഫ്ഐആര്‍ അനുസരിച്ച് ഫൈസിനെ ഏകദേശം 12ഓളം പേര്‍ ചേര്‍ന്ന് വടിയും പൈപ്പും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മകനെ കൊലപ്പെടുത്തിയവരെ എല്ലാവരെയും ഉടന്‍ പിടികൂടണമെന്ന് ഫൈസിന്‍റെ പിതാവ് ആവശ്യപ്പെട്ടു.