അപകടത്തിനു ശേഷം നജീബുദീനെയും വാഹിദിനെയും വേവ്വേറെ വാഹനങ്ങളിലാണ് ആശുപതിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയിലെത്തുന്നതിനു മുമ്പ് വാഹിദ്  മരിച്ചു. 

മലപ്പുറം: പെരുമ്പടപ്പിലെ രണ്ടു വിദ്യാര്‍ത്ഥികളുടെ ദുരൂഹമരണത്തില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണം തുടങ്ങി. കൊലപാതകമാണെന്നും പിന്നില്‍ അവയവ മാഫിയയുണ്ടെന്നുമുള്ള പരാതിയിലാണ് പുതിയ അന്വേഷണം. മരിച്ച നജീബുദ്ദീന്‍റെ അച്ഛൻ ഉസ്മാന്‍റെ ഈ പരാതിയിലാണ് കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് പുനരന്വേഷം നടത്തുന്നത്.

മൂന്ന് വര്‍ഷം മുമ്പ് 2016 നവംബര് 20ന് രാത്രിയാണ് സ്കൂട്ടര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ നിലയില്‍ ഉസാമാന്‍റെ മകൻ നജീബുദ്ദീനേയും സുഹൃത്ത് വാഹിദിനേയും പെരുമ്പടപ്പില്‍ കണ്ടെത്തിയത്.വാഹിദ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും നജീബുദ്ദീൻ മൂന്ന് ദിവസത്തിനുശേഷവും മരിച്ചു.

അപകടത്തിനു ശേഷം നജീബുദീനെയും വാഹിദിനെയും വേവ്വേറെ വാഹനങ്ങളിലാണ് ആശുപതിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയിലെത്തുന്നതിനു മുമ്പ് വാഹിദ് മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മൂന്നാംദിവസമായിരുന്നു നജീബുദ്ദീന്‍റെ മരണം. എന്നാല്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ സൂചനകളില്‍ സംശയം തോന്നിയ ഉസ്മാന്‍ വിശദാംശങ്ങള്‍ അന്വേഷിച്ചു.

മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ശസ്ത്രക്രിയ വേണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, മൃതദേഹത്തില്‍ ശസ്ത്രക്രിയ നടത്തിയ പാടുകളുണ്ടായിരുന്നെന്ന് ഉസ്മാന്‍ പറയുന്നു. രണ്ടു കൈകളിലും കഴുത്തിലും കെട്ട് മുറുക്കിയതുപോലെ കറുത്ത പാടുകളും കണ്ടു. അപകടസമയത്ത് നിലവിളിയോ മറ്റു ശബ്ദങ്ങളോ പരിസരവാസികള്‍ കേട്ടില്ലെന്നതു ദുരൂഹമാണെന്നും ഉസ്മാന്‍റെ പരാതിയിലുണ്ട്.

പ്ലസ് വൺ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. അപകടമരണമെന്ന് ലോക്കല്‍ പൊലീസ് എഴുതി തള്ളിയെങ്കിലും ഇരുവരുടേയും ശരീരത്തില്‍ കയറുകൊണ്ട് കെട്ടിയതുപോലുള്ള പാടുകള്‍ കണ്ടതോടെ ഇത് അപകടമരണമല്ല കൊലപാതകമാണെന്ന സംശയത്തിലായിരുന്നു ബന്ധുക്കള്‍.മുഖ്യമന്ത്രി മുതല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി വരെയുള്ളവര്‍ക്കെല്ലാം ഉസ്മാൻ പരാതി നല്‍കി.

ഇതിനു പിന്നാലെയാണ് കേസ് പുനരന്വേഷിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വി അബ്ദുള്‍ ഖാദറിന്‍റെ നേതൃത്വത്തിലാണ് പുനരന്വേഷണം തുടങ്ങിയിട്ടുള്ളത്. തലക്കേറ്റ മാരകമായ മുറിവുകളാണ് ഇരുവരുടേയും മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.