അമിത വേഗതയിലെത്തിയ കാറിടിച്ച് നടന്ന സാധാരണ അപകടമെന്ന രീതിയില്‍ കേസെടുത്ത പൊലീസ്, ഡ്രൈവറെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

നാഗ്പൂര്‍: നാഗ്പൂരില്‍ 82കാരന്‍ വാഹനമിടിച്ച് മരിച്ച സംഭവം ക്വട്ടേഷന്‍ കൊലപാതകമാണെന്ന കണ്ടെത്തലുമായി പൊലീസ്. നാഗ്പൂര്‍ സ്വദേശിയായ പുരുഷോത്തം പുട്ടേവാര്‍ കാറിടിച്ച് മരിച്ച സംഭവത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. സംഭവത്തില്‍ പുരുഷോത്തം പുട്ടേവാറിന്റെ മകന്റെ ഭാര്യയായ അര്‍ച്ചന മനീഷ് പുട്ടേവാറി(53)നെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു. മൂന്നൂറു കോടി രൂപയുടെ സ്വത്ത് സ്വന്തമാക്കാനായാണ് അര്‍ച്ചന, 82കാരനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടറാണ് അര്‍ച്ചന. 

സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്: മെയ് 22നാണ് നാഗ്പൂര്‍ ബാലാജി നഗറില്‍ വച്ച് 82കാരനെ ഒരു കാറിടിച്ചത്. ആശുപത്രിയില്‍ കഴിയുകയായിരുന്നു ഭാര്യയെ കണ്ട് തിരിച്ച് വീട്ടിലേക്ക് നടന്നു പോകുമ്പോഴായിരുന്നു സംഭവം. ഇടിച്ചിട്ട ശേഷം കാര്‍ പുരുഷോത്തമിനെ റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. പ്രദേശവാസികള്‍ ഉടന്‍ തന്നെ വൃദ്ധനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അമിത വേഗതയിലെത്തിയ കാറിടിച്ച് നടന്ന സാധാരണ അപകടമെന്ന രീതിയില്‍ കേസെടുത്ത പൊലീസ്, ഡ്രൈവറെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി അപകടസ്ഥലത്തെ സിസി ടിവി പരിശോധിച്ചപ്പോഴാണ് സംശയങ്ങള്‍ തോന്നിയത്. 

തുടര്‍ന്നാണ് സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞത്. അര്‍ച്ചനയും ഭര്‍ത്താവിന്റെ ഡ്രൈവറും സച്ചിന്‍ ധര്‍മിക്, നീരജ് നിംജെ എന്നിവരുമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവം അപകടമാണെന്ന് വരുത്തിത്തീര്‍ക്കാനായി സംഘത്തിന് ഒരു കോടി രൂപയാണ് അര്‍ച്ചന വാഗ്ദാനം ചെയ്തത്. കൊലപാതകത്തിന് മുന്നോടിയായി മൂന്നര ലക്ഷം രൂപയും ക്വട്ടേഷന്‍ സംഘത്തിന് അര്‍ച്ചന കൈമാറി. ഈ തുക ഉപയോഗിച്ചാണ് സച്ചിനും നീരജും അപകടത്തിനായി ഉപയോഗിച്ച കാര്‍ വാങ്ങിയത്. നീരജ് ആണ് പുരുഷോത്തമിനെ ഇടിച്ച് വീഴ്ത്തിയത്. സച്ചിനും നീരജും അര്‍ച്ചനയും പിടിയിലായിട്ടുണ്ട്. സംഭവശേഷം ഒളിവില്‍ പോയ നാലാമന് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

'സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് അമിത വില': 16 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

YouTube video player