കോട്ടയം: കെവിനെ കാണാതാകുന്നത് മുതല്‍ വിചാരണ വേള വരെ നിരവധി വിവാദങ്ങളാണ് ഈ കേസിൽ  ഉണ്ടായത്. സാമ്പത്തിക അന്തരമല്ല ജാതിയുടെ പേരിലുള്ള പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നീനു കോടതിയിൽ നൽകിയ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. തന്റെ പിതാവും സഹോദരനുമാണ് കൊലപാതകത്തിന് കാരണക്കാരെന്ന് നീനു കോടതിയിൽ മൊഴി നൽകിയിരുന്നു.

ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ വച്ച് പിതാവ് ചാക്കോ കെവിനെ അധിക്ഷേപിച്ചെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് നീനു വിചാരണവേളയിൽ  കോടതിയിൽ പറഞ്ഞത്. പ്രോസിക്യൂഷന്റെ വാദത്തിന് ബലം നൽകുന്നതായിരുന്ന നീനുവിന്‍റെ മൊഴി. 

സ്വന്തം അച്ഛനും സഹോദരനുമെതിരെ മൊഴി നല്‍കാനെത്തിയ നീനു ഒരു തവണപ്പോലും അവരുടെ മുഖത്തേക്ക് നോക്കിയില്ല. താഴ്ന്ന ജാതിയിൽ പെട്ട കെവിനെ വിവാഹം കഴിച്ചാൽ അത് കുടുംബത്തിന് അപമാനകരമാകുമെന്ന് മാതാപിതാക്കൾ തന്നോട് പറഞ്ഞിരുന്നുവെന്ന നീനുവിന്‍റെ മൊഴിയാണ് കെവിന്‍ വധക്കേസ് കേരള ചരിത്രത്തിലെ ആദ്യ ദുരഭിമാനക്കൊലയെന്ന് കോടതി വിധിക്കുന്നതിന് കാരണമായത്. 

നീനു അന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചപ്പോൾ

കേസിലെ രണ്ടാം പ്രതിയും ബന്ധുവുമായ നിയാസും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നും കെവിനുമായുള്ള വിവാഹം അഭിമാനക്ഷതമുണ്ടാക്കുമെന്ന് തന്റെ വീട്ടുകാർ കരുതിയെന്നും നീനു  വ്യക്തമാക്കിയിരുന്നു. വിധി പറയുന്നതിന് മുൻപ് ദുരഭിമാനക്കൊലയാണോയെന്ന് കോടതി വീണ്ടും പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും ആര‍ാഞ്ഞു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന നിലപാട് പ്രോസിക്യൂഷൻ ആവർത്തിച്ചു. 

കെവിനെ കാണാനില്ലെന്ന് പലതവണ കരഞ്ഞ് പറഞ്ഞിട്ടും നീനുവിനോട് ഒരു ദയയും ഗാന്ധിനഗര്‍ പൊലീസ് അന്ന് കാണിച്ചില്ല. മുഖ്യമന്ത്രിയുടെ പരിപാടി ഉള്ളതിനാല്‍ കെവിനെ അന്വേഷിക്കാൻ സമയമില്ലെന്നായിരുന്നു എസ്ഐ ആയിരുന്ന എംഎസ് ഷിബുവിന്‍റെ മറുപടി. ഷിബുവിനെ പിന്നീട് സസ്പെന്‍റ് ചെയ്തു. എസ്പിയായിരുന്ന മുഹമ്മദ് റഫീക്കിനെ സ്ഥലം മാറ്റി.

പ്രതികളുടെ പക്കലില്‍ നിന്നും കൈക്കൂലി വാങ്ങിയും പൊലീസ് ഈ കേസില്‍ അപഹാസ്യരായി. കെവിനെ തട്ടിക്കൊണ്ട് പോകാൻ വരുന്നതിനിടയിൽ കോട്ടയത്ത് വച്ച് പൊലീസ് പ്രതികളുടെ വാഹനം പരിശോധിച്ചു. മദ്യപിച്ചതിനുള്ള പിഴ ഒഴിവാക്കാൻ 2000 രൂപ പൊലീസിന് കൈക്കൂലി നല്‍കി. കൈക്കൂലി വാങ്ങിയ എഎസ്ഐ ടി എം ബിജുവിനെ പിന്നീട് പിരിച്ച് വിട്ടു. അറസ്റ്റിലായ പ്രതികള്‍ക്ക് ഫോണില്‍ സംസാരിക്കാൻ സൗകര്യമൊരുക്കിയ നാല് പൊലീസുകാരെയും സസ്പെന്‍റ് ചെയ്തു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ദിവസം പുറംലോകമറിഞ്ഞ കെവിൻ വധം എല്‍ഡിഎഫ് സര്‍ക്കാരിനും നാണക്കേടായി.  

പൊലീസിന് കൈക്കൂലി നല്‍കിയെന്ന പ്രതികളുടെ രഹസ്യമൊഴി അവരെ തിരിഞ്ഞ് കൊത്തി. പ്രതികള്‍ കോട്ടയത്ത് വന്നു എന്നതിന്‍റെ മുഖ്യതെളിവാക്കി പ്രോസിക്യൂഷൻ ഇത് കോടതിയില്‍ അവതരിപ്പിച്ചു. കെവിനൊപ്പം തട്ടിക്കൊണ്ട് പോകപ്പെട്ട ബന്ധു അനീഷായിരുന്നു കേസിലെ മുഖ്യസാക്ഷി. കാഴ്ചക്കുറവുള്ള അനീഷിനെ ആശയക്കുഴപ്പത്തിലാക്കാൻ പ്രതികള്‍ എല്ലാവരും വെള്ള ഷര്‍ട്ട് ധരിച്ചായിരുന്നു വിചാരണയ്ക്കും തിരിച്ചറിയൽ പരേഡിനും എത്തിയത്. 14 പ്രതികളില്‍ ഏഴ് പേരെ മാത്രമേ അനീഷ് തിരിച്ചറിഞ്ഞുള്ളൂ

ജാമ്യത്തിലിറങ്ങിയ രണ്ട് പ്രതികള്‍ സാക്ഷികളെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു. പ്രോസിക്യൂഷന്‍റെ പരാതിയെത്തുടര്‍ന്ന് ഇവരുടെ ജാമ്യം പിന്നീട് കോടതി റദ്ദാക്കി. കെവിന്‍ മുങ്ങിമരിച്ചതാണെന്ന പ്രതികളുടെ വാദത്തെത്തുടര്‍ന്ന് ചാലിയേക്കര ആറ്റില്‍ പല തവണ ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ സംഭവം പുനരാവിഷ്കരിച്ചു. നീനുവിന്‍റെ സഹോദരൻ സാനു ചാക്കോ വിദേശത്തിരുന്നാണ് കെവിനെ വധിക്കാൻ ഗൂഡാലോചന നടത്തിയത്. അച്ഛൻ ചാക്കോയ്ക്കും സുഹൃത്തുക്കള്‍ക്കും വാട്സ്ആപ്പ് വഴി വിശദമായ പദ്ധതി തയ്യാറാക്കി നല്കിയിരുന്നു. 

മൂന്ന് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി. സാധാരണ 11 മണിക്ക് ചേരാറുള്ള കോടതി ചേര്‍ന്നത് രാവിലെ പത്ത് മണിക്ക്. മധ്യവേനലവധി ഒഴിവാക്കി. കൊലപാതകം നടന്ന് ഒരു വര്‍ഷവും രണ്ട് മാസവും കൊണ്ട് വിധി.