തിരുവനന്തപുരം: സുരേഷ് കല്ലട ട്രാവൽസിനെതിരെ പുതിയ പരാതി. പാതിരാത്രിയിൽ ഭക്ഷണത്തിനായി നിർത്തിയ ബസ്, തിരികെ കയറ്റാതെ പോയെന്നാണ് ബെംഗളൂരു സ്വദേശിയായ യുവതിയുടെ പരാതി. ബസ് പിന്തുടർന്ന് നിർത്തി തിരിച്ച് കയറിയ തന്നോട് ജീവനക്കാർ മോശമായി പെരുമാറിയെന്നും യുവതി പരാതിപ്പെട്ടു.

കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുളള കല്ലട ബസിലാണ് യുവതി യാത്ര ചെയ്തത്. യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ രാത്രി  പത്തരയോടെ ബസ് തിരുനെൽവേലിക്കടുത്ത് നിർത്തി. ഭക്ഷണം കഴിച്ച് തിരിച്ചുവന്ന തന്നെ  കയറ്റാതെ ഡ്രൈവർ ബസോടിച്ച് പോയെന്നാണ് യുവതി പറയുന്നത്. പുറത്തിറങ്ങി 10 മിനിറ്റ് കൊണ്ട് ഞാൻ തിരിച്ചെത്തിയപ്പോൾ ബസ് മുന്നോട്ട് നീങ്ങുന്നതാണ് കണ്ടത്. ബസിനടുത്തേക്ക് ഓടി. അത് നിർത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അതുണ്ടായില്ലെന്ന് യുവതി പറഞ്ഞു.

അവിടെയുണ്ടായിരുന്ന മറ്റ് വാഹനങ്ങൾ ഹോണടിച്ചിട്ടും ബസ് നിർത്തിയില്ല. പിന്നീട് രണ്ട് കാറുകൾ ബസിനെ പിന്തുടർന്ന് നിർത്തിച്ചു. മടങ്ങിവന്ന് തന്നെ കയറ്റാൻ ബസ് ജീവനക്കാർ തയ്യാറായില്ലെന്നും പിന്നീട് ബസിൽ കയറിയപ്പോൾ മോശമായി പെരുമാറിയെന്നും യുവതി ആരോപിക്കുന്നു. സംഭവം യുവതി അറിയിച്ചതിനെത്തുടർന്ന് സുഹൃത്ത് ബസ് ജീവനക്കാരെ വിളിച്ചു. എന്നാൽ ഇയാളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഭയം കൊണ്ടാണ് പൊലീസിൽ പരാതിപ്പെടാത്തതെന്നും യുവതി പറയുന്നു

എന്നാൽ ബസ് എടുക്കാൻ നേരം ആളുകളെ എണ്ണിയപ്പോൾ ക്ലീനർക്ക് പറ്റിയ പിഴവാണ് യുവതിയെ കയറ്റാതെ പോയതിന് കാരണമായി കല്ലട ബസ് ഡ്രൈവർ പറയുന്നത്. ഇവരോട് മോശമായി പെരുമാറിയില്ലെന്നും ഡ്രൈവർ വ്യക്തമാക്കി.