ക്രൈസ്റ്റ്ചര്‍ച്ച്: മുസ്ലിം പള്ളികളില്‍ കയറി വെടിയുതിര്‍ത്ത് 51 പേരെ കൊലപ്പെടുത്തിയ കൊലയാളിക്ക് ന്യൂസിലാന്‍ഡ് കോടതി ശിക്ഷ വിധിച്ചു. പരോള്‍ ഇല്ലാതെ ആജീവാനന്തം തടവുശിക്ഷയാണ് കുറ്റവാളിയായ ബ്രന്റന്‍ ടാറന്റിന് നല്‍കിയത്. ആദ്യമായാണ് ന്യൂസിലാന്‍ഡില്‍ ഈ ശിക്ഷ വിധിക്കുന്നത്.  ക്രൂരവും മനുഷ്യത്വ രഹിതവുമാണ് കുറ്റവാളിയുടെ നടപടിയെന്ന് കോടതി നിരീക്ഷിച്ചു. വെറുപ്പ് അടിസ്ഥാനമാക്കിയാണ് കുറ്റവാളിയുടെ ചിന്ത. കുട്ടികളെയും സ്ത്രീകളെയുമടക്കം കൊന്നുതള്ളാന്‍ ഇയാളെ പ്രേരിപ്പിച്ചത് വെറുപ്പാണെന്നും കോടതി നിരീക്ഷിച്ചു.  ജഡ്ജ് കമെറോണ്‍ മന്‍ഡറാണ് വിധി പ്രസ്താവിച്ചത്. ന്യൂസിലാന്‍ഡ് നിയമചരിത്രത്തിലെ അഭൂതപൂര്‍വമായ വിധിയാണിതെന്നും ജഡ്ജ് പറഞ്ഞു. 

51 മുസ്ലീങ്ങളെ കൊലപ്പെടുത്തിയതിലൂടെ വലതു തീവ്രവാദം വളര്‍ത്താമെന്ന് കൊലയാളിയുടെ ലക്ഷ്യം പരാജയപ്പെട്ടു. കൊലയാളിയുടെ പ്രവൃത്തിക്ക് ന്യൂസിലാന്‍ഡ് മു്സ്ലിം സമൂഹത്തിന് വലിയ വില നല്‍കേണ്ടി വന്നു. ക്രൂരവും നിന്ദ്യവും മനുഷ്യത്വ രഹിതവുമായിരുന്നു നിങ്ങളുടെ പ്രവൃത്തിയെന്നും വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു. കുറ്റവാളിയുടേത് ഭീകരവാദ പ്രവര്‍ത്തനമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. 

2019ലാണ് ഓസ്്‌ട്രേലിയക്കാരനായ 29കാരന്‍ ബ്രന്റന്‍ ടാറന്റ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികളില്‍ കയറി നിരായുധര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഫേസ്ബുക്കില്‍ ലൈവ് സംപ്രേഷണം ചെയ്തായിരുന്നു ഇയാളുടെ ക്രൂരത. വെടിവെപ്പില്‍ 51 പേര്‍ കൊല്ലപ്പെടുകയും 40ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  
ശിക്ഷ കുറ്റവാളി അംഗീകരിച്ചു. ശിക്ഷാകാലയളവില്‍ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം കുറ്റവാളി വേണ്ടെന്ന് വെച്ചു.