തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നവജാതശിശുവിന്‍റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കുഞ്ഞിന്‍റെ അമ്മയെന്ന് സംശയിക്കുന്ന സ്ത്രീയെ ഡിഎൻഎ പരിശോധനക്ക് വിധേയയാക്കും.

ഈ മാസം 14ന് ഉച്ചയോടെയാണ് ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്‍റെ മൃതദേഹം കനാലിലൂടെ ഒഴുകി വഴിമുക്ക് ഭാഗത്ത് എത്തിയത്. സമീപത്ത് കുളിച്ചു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. 

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.സമീപത്തെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയാസ്പദമായ നിലയിൽ ഒരു സ്ത്രീയെ കണ്ടെത്തിയത്. പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചെന്നും കുഞ്ഞിനെ ഭര്‍ത്താവ് കനാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും സ്ത്രീ പൊലീസിന് മൊഴി നല്‍കി.

ഇവർ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ഭർത്താവിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഒഴുകി എത്തിയ കുഞ്ഞിന്‍റ അമ്മ തന്നെയാണോ ഇവര്‍ എന്ന് വ്യക്തമാകാന്‍ ഡിഎന്‍എ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്. പരിശോധനയ്ക്ക് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.